അശ്ലീല സൈറ്റുകളെ പൂര്‍ണ്ണമായി നിരോധിക്കാനാവില്ല; സുപ്രീംകോടതി

supreme courtദില്ലി: അശ്ലീല വെബ്‌സൈറ്റകളും നീലചിത്രങ്ങളും പൂര്‍ണമായി നിരോധിക്കാന്‍ കഴിയില്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. അശ്ലീല സൈറ്റുകളും നീല ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഇന്‍ഡോറിലെ അഭിഭാഷകന്‍ കമലേഷ്‌ വസ്വാനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്‌.

ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള സൈറ്റുകളില്‍ രണ്ട്‌ കോടിയിലധികം നീലചിത്ര ക്ലിപ്പുകള്‍ ലഭ്യമാണെന്ന്‌ പരാതിക്കാന്‍ ചൂണ്ടിക്കാട്ടി. ഇത്‌ ലൈംഗീക അധിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാകുമെന്നാണ്‌ വസ്വാനി പറഞ്ഞത്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവ്‌ നല്‍കാന്‍ ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌ എല്‍ ദത്തു അദ്ധ്യക്ഷനായ സുപ്രീം കോടതി ബഞ്ച്‌ വിസമ്മതിച്ചു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ തന്റെ വീട്ടിലിരുന്ന്‌ അശ്ലീല സൈറ്റുകള്‍ കാണുന്നത്‌ തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന്‌ വാദിക്കാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. അതിനാല്‍ പൂര്‍ണ്ണ നിരോധനം വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ 21 ാം അനുച്ഛേദത്തിനു വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചു.

അതെസമയം ഇക്കാര്യം ഗൗരവമേറിയതാണെന്നും വിഷയത്തില്‍ നിയന്ത്രണം ഏതു തരത്തിലായിരിക്കണമെന്ന്‌ സര്‍ക്കാരിന്‌ തീരുമാനമെടുക്കാം എന്നും സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നാലാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ്‌ സേവനദാതാക്കളുടെ സര്‍വ്വറുകള്‍ വിദേശത്തായതിനാല്‍ അശ്ലീല ക്ലിപ്പുകളും സിനിമകളും അപ്‌ലോഡ്‌ ചെയ്യുന്നത്‌ നിയന്ത്രിക്കാന്‍ സാങ്കേതിക തടസ്സമുണ്ടെന്നാണ്‌ മന്ത്രാലയത്തിന്റെ നിലപാട്‌.