അസ്സമില്‍ തീവ്രവാദി ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു

aദിസ്പൂര്‍ : അസ്സമിലെ ഗോലന്‍പാറയില്‍ തീവ്രവാദി ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. ദീപാവലി ആഘോഷിക്കാനായി ഒത്തു കൂടിയ നാട്ടുകാര്‍ക്ക് നേരെ തീവ്ര വാദികള്‍ വെടി ഉതിര്‍ക്കുകയാണ്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.

പരിക്കേറ്റവരെ ഗോല്‍പാറ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ 6 പേര്‍ സംഭവസ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.

സൈനിക വേഷം ധരിച്ചെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. സംഭവ സ്ഥലത്തേക്ക് മുതിര്‍ന്ന സുരക്ഷാ ഉദേ്യാഗസ്ഥര്‍ തിരിച്ചിട്ടുണ്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 30 മുതല്‍ ഗോല്‍പാറയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. നവംബര്‍ 15 മുതല്‍ 25 വരെയാണ് തിരഞ്ഞെടുപ്പ്.

പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായാണ് ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി സുരക്ഷാ ഉദേ്യാഗസ്ഥര്‍ക്കെതിരെയും നാട്ടുകാര്‍ക്കെതിരെയും നിരന്തരമായ ആക്രമണം നടത്തിയിരുന്നത്.