പ്രശസ്‌ത ഓസ്ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു

Australian film director Paul Coxമെല്‍ബണ്‍ : സ്വതന്ത്ര ഓസ്ട്രേലിയന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന പോള്‍ കോക്‌സ് (76) അന്തരിച്ചു. ഓസ്ട്രേലിയന്‍ ഡയറക്‌ടേഴ്‌സ് ഗില്‍ഡ് ആണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. പോള്‍സ് ഹെന്റിക്കസ് ബെനഡിക്ടസ് പോള്‍സ് എന്നാണ് യഥാര്‍ത്ഥ നാമം.

ഇരുപതോളം ചലച്ചിത്രങ്ങള്‍ കോക്സിന്റെ സംവിധാനത്തില്‍ പുറത്തുവന്നിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഏതാനും ടെലിവിഷന്‍ സീരീസുകളും സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഓസ്ട്രേലിയക്ക് പുറത്താണ് കൂടുതല്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ജൂറി ചെയര്‍മാനായിരുന്നു. ഇന്നസെന്‍സ്, മാന്‍ ഓഫ് ഫ്ളവേഴ്സ്, എ വുമന്‍സ് ടേല്‍, നിജിന്‍സ്കി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ സിനിമകള്‍.

1940ല്‍ നെതര്‍ലന്‍ഡ്സില്‍ ജനിച്ച കോക്സ് നിശ്ചലചിത്രങ്ങളുടെ ലോകത്തുനിന്നാണ് സിനിമയിലേക്ക് എത്തുന്നത്. 1963ല്‍ നിശ്ചല ഛായാഗ്രഹണം പഠിക്കുന്നതിന് ഓസ്ട്രേലിയയില്‍ എത്തിയതാണ്കോക്സിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. 1970 കളോടെ അദ്ദേഹം മുഴുനീള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി.