നായാട്ടിന് മക്ഗ്രാത്തനൊപ്പം ബ്രെറ്റ് ലീയുമെന്ന് റിപ്പോര്‍ട്ട്

mcgrath2008 ല്‍ ദക്ഷിണാഫ്രിക്കയില്‍ നായാട്ട് നടത്താന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്തിനൊപ്പം സഹതാരം ബ്രെറ്റ് ലീയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഒരു ആന, രണ്ട് കഴുതപ്പുലി, ഒരു കാട്ടുപോത്ത് ഇത്രയും ജീവികളെയാണ് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ വെടിവെച്ചിട്ടത്. ആനയെയും കാട്ടുപോത്തിനെയും മറ്റും വെടിവെച്ച് കൊന്ന ശേഷം മക്ഗ്രാത്ത് അവയെ ചവിട്ടിനില്‍ക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ പുറത്തായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു. ജീവിതത്തിലെ മോശം സമയത്ത് ചെയ്തുപോയ ഒരു തെറ്റാണ് അതെന്ന് മക്ഗ്രാത്ത് ഇതിനോട് പ്രതികരിച്ചു. സ്തനാര്‍ബുദത്തെ തുടര്‍ന്ന് മക്ഗ്രാത്തിന്റെ ഭാര്യ ജെയിന്‍ മരിച്ചത് 2008 ലാണ്. ഭാര്യയുടെ മരണശേഷം കാന്‍സര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലാണ് മക്ഗ്രാത്ത്.

ദക്ഷിണാഫ്രിക്കയിലെ ചിപിതാണി സഫാരി ക്യാംപില്‍ വെച്ചാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നായാട്ട് നടത്തിയത്. നായാട്ടിന്റെ ചിത്രങ്ങളാണ് നെറ്റില്‍ വൈറലായതോടെ ആരാധകരും മൃഗസ്‌നേഹികളും താരത്തിന് എതിരെ രംഗത്തെത്തിയിട്ടുണ്ട്. ഓസീസ് ടീമിലെ കൂട്ടുകാരനും ഫാസ്റ്റ് ബൗളറുമായ ബ്രെറ്റ് ലീയാണ് മക്ഗ്രാത്തിനെ ഇവിടേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നായാട്ടിന് ബ്രെറ്റ് ലീ ഉണ്ടായിരുന്നതായി ലീയുടെ വക്താവും സമ്മതിച്ചിട്ടുണ്ട്.