ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

download (4)തിരുവനന്തപുരം: ചരിത്രപസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. പൂരം നാളും പൗര്‍ണമിയും ഒന്നിച്ച ധന്യ രാവിലെ 10.15ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം മേല്‍ശാന്തി കണ്ണന്‍പോറ്റിക്ക് കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പില്‍ അത് തെളിച്ചു. അതേ ദീപം ക്ഷേത്രത്തിനുമുന്നിലെ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നു. പിന്നീടത് ലക്ഷം ലക്ഷം അടുപ്പുകളിലേക്ക് പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.

ഉച്ചയ്ക്കു ശേഷം 3.15നാണ് പൊങ്കാല നിവേദിക്കുന്നത്. പൊങ്കാല അര്‍പ്പിക്കുന്നവരുടെ മുന്നിലേക്ക് ശാന്തിക്കാര്‍ തീര്‍ത്ഥവുമായി എത്തും. വിമാനത്തില്‍ പുഷ്പവൃഷ്ടിയുമുണ്ടാകും. ലക്ഷക്കണക്കിന് പേരാണ് പൊങ്കാലയിടാനായി ആറ്റുകാലിലും പരിസരത്തും എത്തിയിരിക്കുന്നത്. ഭക്തര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സിയും റെയില്‍േവയും യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്ത്രീകളുടെ ശബരിമല എന്ന് വിശേഷണമുള്ള ആറ്റുകാല്‍ പൊങ്കാലയ്ക്ക്, സമീപ ജില്ലകളില്‍നിന്നും സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍നിന്നും മാത്രമല്ല, തെക്കന്‍ തമിഴ്‌നാട്ടില്‍നിന്നുപോലും ഭക്തജനങ്ങള്‍ എത്തിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും ഉള്‍പ്പടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള ഭക്തര്‍ പൊങ്കാലയ്ക്ക് എത്തിയിട്ടുണ്ട്. പലരും ഇന്നലെ വൈകുന്നേരം തന്നെ തലസ്ഥാനത്തെത്തി സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 36 ലക്ഷം പേരാണ് പൊങ്കാലയിട്ടത്. ഈ വര്‍ഷം അത് 40 ലക്ഷമാണ് പ്രതീക്ഷിയ്ക്കുന്നത്.