എടിഎമ്മില്‍ നിന്നും വൈകിയെത്തിയ പണം മറ്റൊരാള്‍ കൈക്കലാക്കി

Untitled-1 copyകോഴിക്കോട്‌:എ ടി എമ്മില്‍ നിന്നും പണം ലഭിക്കാന്‍ വൈകിയപ്പോള്‍ പിന്‍മാറിയ ഇടപാടുകാരന്റെ 20000 രൂപ മറ്റൊരാള്‍ കൈക്കലാക്കി. താമരശ്ശേരി ഫെഡറല്‍ ബാങ്ക് എ ടി എമ്മില്‍ നിന്നാണ് പരപ്പന്‍ പൊയില്‍ സ്വദേശി അബ്ദുല്‍ കരീമിന് പണം നഷ്ടപ്പെട്ടത്. സി സി ടി വി ദൃശ്യങ്ങള്‍ സഹിതം അബ്ദുല്‍ കരീം താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

താമരശ്ശേരി കാരാടിയിലെ ഫെഡറല്‍ ബാങ്ക് എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ച പരപ്പന്‍പൊയില്‍ സ്വദേശി അബ്ദുല്‍ കരീമിനാണ് 20000 രൂപ നഷ്ടമായത്. താമരശ്ശേരി ഫെഡറല്‍ ബാങ്കിലെ ഇടപാടുകാരനായ അബ്ദുല്‍ കരീം എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറു കാരണം ലഭിച്ചില്ല. സമീപത്തുള്ള ഡെപ്പോസിറ്റ് മെഷീനിനരികിലേക്ക് നീങ്ങിയപ്പോള്‍ പുറത്തുണ്ടായിരുന്ന ഒരാള്‍ എ ടി എം മെഷീനിരകിലെത്തി. ഈ സമയത്താണ് അബ്ദുല്‍ കരീമിന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം പുറത്തെത്തിയത്. അബ്ദുല്‍ കരീം ശ്രദ്ദിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ഇയാള്‍ പണം കൈക്കലാക്കുയായിരുന്നു.

ഇരുപതിനായിരം പിന്‍വലിക്കപ്പെട്ടതായി എസ് എം എസ് സന്ദേശവും അബ്ദുല്‍ കരീമിന് ലഭിച്ചിരുന്നു. ഡെപ്പോസിറ്റ് മെഷീനില്‍നിന്നും അബ്ദുല്‍ കരീം തിരികെ വരുന്നത് കൈ കൊണ്ട് തടയുന്നതും മുഖം മറച്ചു പിടിക്കുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇടത് കയ്യിലുണ്ടായിരുന്ന എ ടി എം കാര്‍ഡ് മെഷീനില്‍ നിക്ഷേപിക്കാതെയാണ് ഇയാള്‍ സ്‌ക്രീനില്‍ അമര്‍ത്തിയത്. ലഭിച്ച പണം എണ്ണിനോക്കാതെ കീശയിലിട്ട് മടങ്ങുന്നതും വ്യക്തമാണ്. ബാങ്കിലെ ജീവനക്കാരന്റെ സാന്നിധ്യത്തില്‍ അപ്പോള്‍ തന്നെ അബ്ദുല്‍ കരീം 10000 രൂപ പിന്‍വലിച്ചു. ഇതിന്നിടയില്‍ മറ്റൊരാളുടെ എ ടി എം കാര്‍ഡ് മെഷീനില്‍ നിക്ഷേപിച്ചിട്ടില്ലെന്നും മറ്റൊരു ഇടപാടും നടന്നിട്ടില്ലെന്നും ഫെഡറല്‍ ബാങ്ക് താമരശ്ശേരി ബ്രാഞ്ച് മാനേജര്‍ മോടി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ അല്‍പം താമസം നേരിടുമ്പോള്‍ പിന്‍മാറുന്നതാണ് ഇത്തരം തട്ടിപ്പിന് തുണയാവുന്നത്. പണം നഷ്ടപ്പെട്ടിരിക്കില്ലെന്ന ബാങ്ക് അധികൃതരുടെ വാക്കില്‍ വിശ്വസിച്ച അബ്ദുല്‍ കരീം ഒടുവില്‍ എ ടി എം കൗണ്ടറിലെ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം  താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.