അറ്റ്‌ലസ്‌ രാമചന്ദ്രനും മകളും ദുബെയില്‍ അറസ്റ്റില്‍?

Untitled-1 copyദുബൈ: പ്രമുഖ വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രനേയും മകളേയും ദുബൈയില്‍ അറസ്റ്റ്‌ ചെയ്‌തതായി റിപ്പോര്‍ട്ട്‌. ഗള്‍ഫ്‌ പത്രമായ ഖലീജ്‌ ടൈംസാണ്‌ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്‌.

യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 550 മില്യണ്‍ ദിര്‍ഹം (ഏകദേശം ആയിരം കോടിയോളം രൂപ) അറ്റ്‌ലസ്‌ ഗ്രൂപ്പ്‌ വായ്‌പയെടുത്തതായാണ്‌ റിപ്പോര്‍ട്ട്‌. വായ്‌പ തുക തിരിച്ചടയ്‌ക്കാതായതോടെയാണ്‌ ഷോപ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്‌. അറ്റ്‌ലസ്‌ രാമചന്ദ്രനെ കാണാനില്ലെന്നും ഇദേഹം രാജ്യം വിട്ടെന്നും ആരോപിച്ച്‌ യുഎഇയിലെ വിവിധ ബാങ്കുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഖലീജ്‌ ടൈംസ്‌ വാര്‍ത്ത പുറത്ത്‌ വിട്ടത്‌.

ആഗസ്റ്റ്‌ 23 നാണ്‌ ഇരുവരെയും അറസ്റ്റ്‌ ചെയ്‌തതെന്നാണ്‌ സൂചന. അതെസമയം രാമചന്ദ്രന്‍ കാനഡയിലേക്ക്‌ കടന്നതായും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്‌. വിവിധ ബാങ്കുകളാണ്‌ രാമചന്ദ്രനെതിരെ പരാതി നല്‍കിയിട്ടുള്ളത്‌. രണ്ട്‌ പരാതികള്‍ റഫാ പോലീസ്‌ സ്‌റ്റേഷനിലും രണ്ടെണ്ണം നയിഫിലും ഒന്ന്‌ ബുര്‍ ദുബായിലെ പോലീസ്‌ സ്‌റ്റേഷനിലുമാണുള്ളത്‌.

അതെസമയം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന അറ്റ്‌ലസ്‌ രാമചന്ദ്രനെ സഹായിക്കാന്‍ ദുബൈ ഗോള്‍ഡ്‌ ആന്റ്‌ ഡയമണ്ട്‌ ജ്വല്ലറി ഗ്രൂപ്പ്‌ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ബാങ്കുകളോ അറ്റ്‌ലസ്‌ ജ്വല്ലറിയോ സഹായം ആവശ്യപ്പെട്ട്‌ സംഘടനയെ സമീപിച്ചിട്ടില്ലെന്നാണ്‌ വിവരം.