പ്രഥമ ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്‌;ശ്രദ്ധേയ പ്രകടനവുമായി ഇന്ത്യ

photo-ak bijuraj
photo-ak bijuraj

ദോഹ: പ്രഥമ ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ ശ്രദ്ധേയ പ്രകടനവുമായി ഇന്ത്യ. ഒരു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പടെ മൂന്നു മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടി അനുമോള്‍ തമ്പി മലയാളികളുടെ അഭിമാനമായി. പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യന്‍ താരം വെങ്കലം നേടി. ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയ്ക്കായി സീമയും  സോണാല്‍ ഗോയലുമാണ് മത്സരിച്ചത്. ആണ്‍കുട്ടികളുടെ അഞ്ചുകിലോഗ്രാം ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ ആശിഷ് ഭാലോതിയ വെള്ളി നേടി. ആണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ സ്വര്‍ണം നേടിയ ചൈനീസ് തായ്‌പേയിയുടെ യു സെന്‍ ഷെന്‍ ജൂനിയര്‍ തലത്തില്‍ ഏഷ്യയിലെ വേഗതയേറിയ ഓട്ടക്കാരനായി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഹോങ്കോങിന്റെ പൂന്‍ ഹാങ് വെയ് ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയായി മാറി. ചാംപ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്  ചൈനയുടെ യു യുഷെന്‍ ആണ്. പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ 61.97 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എറിഞ്ഞാണ് യു യുഷെന്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ അനുമോള്‍ തമ്പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബഹ്‌റൈന്‍ താരം സ്വര്‍ണം നേടി. ഈയിനത്തില്‍ മലയാളിതാരം പി ആര്‍ അലീഷയും മത്സരിച്ചിരുന്നു. ആണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഖത്തര്‍ സ്വര്‍ണം നേടി. മുഹന്ദ് ഖാമിസ് സെയ്ഫല്‍ദീനാണ് ഖത്തറിനുവേണ്ടി ചാംപ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം നേടിയത്. ആദ്യ ദിനം ഏഴു ഫൈനലുകളാണ് നടന്നത്. ചൈന രണ്ടു സ്വര്‍ണവും ചൈനീസ് തായ്‌പേയ്, ഹോങ്കോങ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഓരോന്നുവീതം സ്വര്‍ണം നേടി. ഇന്ന് ആറു ഫൈനലുകള്‍ ഉള്‍പ്പടെ 24 മത്സരങ്ങള്‍ നടക്കും. പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തം, ആണ്‍കുട്ടികളുടെ ലോംഗ്ജംപ്, പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട് (മൂന്നുകിലോഗ്രാം), ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടം, പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ (അഞ്ചുകിലോഗ്രാം)  എന്നീ ഇനങ്ങളിലാണ് ഫൈനലുകള്‍. വനിതാ വിഭാഗത്തില്‍ ഷോട്ട്പുട്ടില്‍ സോണാല്‍ ഗോയലും പുരുഷ വിഭാഗത്തില്‍ ലോംഗ്ജംപില്‍ സോനുകുമാറും 800 മീറ്ററില്‍ ബിയാന്ത് സിംഗും ഇന്ത്യയ്ക്കായി മെഡല്‍ പ്രതീക്ഷയുമായി ഇന്ന് മത്സരിക്കാനിറങ്ങും. ഇന്നലെ രാവിലെ നടന്ന ഹീറ്റ്‌സ് മത്സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ രാജേഷ്, നുസ്രത്ത് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഡെക്കാത്തലോണ്‍ രണ്ടാം ഹീറ്റ്‌സില്‍ രണ്ടാമതായാണ് ഇന്ത്യയുടെ ആര്‍ രാജേഷ് ഫിനിഷ് ചെയ്തത്. 11.8 സെക്കന്റിലാണ് രാജേഷ് ഫിനിഷ് ചെയ്തത്. 10.9 സെക്കന്റില്‍ ഫിനിഷ് ചെയ്ത കുവൈത്തിന്റെ മുഹമ്മദ് അല്‍ഫെരാസാണ് ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്. ആണ്‍കുട്ടികളുടെ നൂറുമീറ്റര്‍ രണ്ടാം ഹീറ്റ്‌സില്‍ ഇന്ത്യയുടെ നുസ്രത്ത് രണ്ടാമതായി ഫിനിഷ് ചെയ്തത്. 11.19 സെക്കന്റില്‍ ഓടിയെത്തിയാണ് നുസ്രത്ത് യോഗ്യത നേടിയത്. ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ ജപ്പാന്റെ ഹിരോകി കിനോഷിട്ടയ്ക്ക് മത്സരത്തിലുടനീളം വെല്ലുവിളിയുയര്‍ത്താന്‍ നുസ്രത്തിന് കഴിഞ്ഞു. ആണ്‍കുട്ടികളുടെ ലോംഗ്ജംപ്  ഡെക്കാത്ത്‌ലോണ്‍-2ല്‍  ഇന്ത്യയുടെ ആര്‍ രാജേഷ് അഞ്ചാമതായി. 5.96 മീറ്റര്‍ ദൂരം മറികടക്കാനെ രാജേഷിന് കഴിഞ്ഞുള്ളു. അതേസമയം ഷോട്ട്പുട്ട് ഡെക്കാത്ത്‌ലോണ്‍-3യില്‍ രണ്ടാമതെത്താന്‍ രാജേഷിന് കഴിഞ്ഞു. 12.59 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട്പുട്ടെറിഞ്ഞാണ് രാജേഷ് രണ്ടാമതെത്തിയത്. അതേസമയം പ്രഥമ ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ വൈകുന്നേരം നടന്നു. ഹീറ്റ്‌സ് മത്സരങ്ങള്‍ ഇന്നലെ രാവിലെ തന്നെ ആരംഭിച്ചിരുന്നു.

ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച്പാസ്റ്റ് വര്‍ണാഭമായി. ഖത്തര്‍ യുവജന കായിക മന്ത്രി സലാഹ് ബിന്‍ നാസര്‍ അല്‍ അലി, ഖത്തര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് ദഹ്‌ലന്‍ അല്‍ ഹമദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.