ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 2 സ്വര്‍ണം

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നാലുവെങ്കലവുമായി ഇന്ത്യ മുന്നേറ്റത്തില്‍. വനിതകളുടെ ഷോട് പുട്ടില്‍ മന്‍പ്രീത് കൗറിലൂടെയാണ് ഇന്ത്യ പൊന്നു തൊട്ടത്. ആദ്യദിനത്തില്‍ അവസാന ഇനമായ പുരുഷന്‍മാരുടെ 5000 മീറ്ററിലൂടെ ജി ലക്ഷമണും ആതിഥേയര്‍ക്കായി സ്വര്‍ണം നേടി.

വനിത ലോങ് ജമ്പില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കി മലയാളവും മെഡല്‍പട്ടികയില്‍ ഇടംനേടി.

അവസാന ശ്രമം വരെ മുന്നില്‍നിന്ന വി നീന വെള്ളി നേടിയപ്പോള്‍ നയന ജെയിംസ് വെങ്കലവുമായി തിരിച്ചുകയറി.

പുരുഷ ഡിസ്കസ് ത്രോയില്‍ നിലവിലെ ചാമ്പ്യനായിരുന്ന വികാസ് ഗൌഡ വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു. ഹാട്രിക് തികയ്ക്കാന്‍ കൊതിച്ച വികാസിന് തന്റെ മികവിന്റെ അടുത്തെങ്ങുമെത്താനായില്ല. വനിതകളുടെ 5000 മീറ്ററില്‍ സഞ്ജീവനി യാദവും വെങ്കലം നേടി. വനിതാ ജാവലിന്‍ത്രോയില്‍ അന്നു റാണി മൂന്നാമതെത്തി.