Section

malabari-logo-mobile

രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയത്‌ ആസൂത്രണവും പഞ്ചവത്സര പദ്ധതിയും- മന്ത്രി ആര്യാടന്‍

HIGHLIGHTS : മലപ്പുറം :വികസനവും ക്ഷേമവും അന്യമായിരുന്ന ഇന്ത്യാ രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയത്‌ ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്‌ത ആസൂത്രണവും പഞ്ചവത്സര പദ്ധതിക...

aryadan-muhammad_11_0മലപ്പുറം :വികസനവും ക്ഷേമവും അന്യമായിരുന്ന ഇന്ത്യാ രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയത്‌ ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്‌ത ആസൂത്രണവും പഞ്ചവത്സര പദ്ധതികളുമാണെന്ന്‌ വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. 66-ാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷത്തോടനുബന്ധിച്ച്‌ മലപ്പുറം എം.എസ്‌.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്‌ ദിന പരേഡിന്‌ അഭിവാദ്യമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണിയും ദാരിദ്ര്യവും കഷ്‌ടപ്പാടും മാത്രം നിറഞ്ഞതായിരുന്നു ബ്രിട്ടീഷ്‌ ഭരണത്തിലെ ഇന്ത്യാ രാജ്യം. വികസനം എന്തെന്നറിയാത്ത ലക്ഷക്കണക്കിന്‌ ഗ്രാമങ്ങളിലെ മൂന്നില്‍ രണ്ട്‌ ജനവിഭാഗങ്ങളും ദാരിദ്ര്യ രേഖക്ക്‌ താഴെയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയുടെ മുഖച്ഛായ മാറ്റി മറിച്ചത്‌ ആസൂത്രണത്തിന്റെയും പഞ്ചവത്സര പദ്ധതികളുടെയും ഫലമായാണ്‌. ലോകത്ത്‌ ഏറ്റവുമധികം ഭക്ഷ്യധാന്യങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറി. കരുതല്‍ സ്റ്റോക്ക്‌ വെച്ച്‌ ഭക്ഷ്യധാന്യങ്ങള്‍ ഇന്ന്‌ നാം കയറ്റുമതി ചെയ്യുന്നു. തുണികളില്ലാതിരുന്ന രാജ്യം ഏറ്റവും കൂടുതല്‍ വസ്‌ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഏഴാമത്തെ രാജ്യമായി മാറി. പഞ്ചസാരയില്ലാതിരുന്ന രാഷ്‌ട്രം ഇന്ന്‌ പഞ്ചസാര കയറ്റുമതിമതിയില്‍ ലോകത്ത്‌ മൂന്നാം സ്ഥാനത്താണ്‌. ശാസ്‌ത്ര- സാങ്കേതിക രംഗങ്ങളിലും ഒന്നാംകിട രാജ്യങ്ങളുടെ പട്ടികയില്‍ നാം ഇടം നേടി. ഈ നേട്ടങ്ങളെല്ലാം കടപ്പെട്ടിരിക്കുന്നത്‌ പഞ്ചവത്സര പദ്ധതികളോടും ആസൂത്രണത്തോടുമാണെന്ന്‌ മന്ത്രി ആര്യാടന്‍ പറഞ്ഞു. പട്ടിണി കിടക്കുന്നവരും കിടപ്പാടം ഇല്ലാത്തവരും ഇപ്പോഴും രാജ്യത്തുണ്ടെന്നത്‌ വാസ്‌തവമാണ്‌. അത്‌ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിവിധ സര്‍ക്കാറുകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജനാധിപത്യ അവകാശവുമില്ലാത്ത രാജ്യത്തെ മതേതര, ജനാധിപത്യ സോഷ്യലിസ്റ്റ്‌ രാജ്യമായി ഭരണഘടനയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുകയും അത്‌ പ്രായോഗികവത്‌കരിക്കുകയും ചെയ്‌തത്‌ ഇന്ത്യയുടെ വിജയമാണ്‌. കൂടെ സ്വാതന്ത്ര്യം നേടിയ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യ വേറിട്ട്‌ നില്‍ക്കുന്നു. പലയിടങ്ങളിലും പട്ടാള ഭരണകൂടങ്ങള്‍ പിടിമുറുക്കിയപ്പോള്‍ ആറര പതിറ്റാണ്ട്‌ പിന്നിട്ടിട്ടും നമ്മുടെ ജനാധിപത്യ സങ്കല്‌പം സുശക്തമായി നിലനില്‍ക്കുന്നു. വര്‍ഗീയതയും തീവ്രവാദവും രാജ്യത്തിന്‌ ആപത്താണ്‌. അതിന്റെ വക്താക്കളെ ശക്തമായി നേരിടണമെന്നും നമ്മുടെ മതേതരത്വവും അഖണ്‌ഡതയും കാത്ത്‌ സൂക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പബ്ലിക്‌ ദിന സന്ദേശത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അഭ്യര്‍ഥിച്ചു.
എം.എസ്‌.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്‌ ദിന പരേഡിന്‌ എം.എസ്‌.പി അസി. കമാണ്ടന്റ്‌ പി.സി അബ്‌ദുള്‍ ഹമീദ്‌ നേതൃത്വം നല്‍കി. സായുധ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ സി. ജാബിറായിരുന്നു സെക്കന്‍ഡ്‌ ഇന്‍ കമാന്‍ഡ്‌. എം.എസ്‌.പി, പ്രാദേശിക പൊലീസ്‌, സായുധ റിസര്‍വ്‌ പൊലീസ്‌, വനിതാ പൊലീസ്‌, വനം- എക്‌സൈസ്‌ വകുപ്പുകള്‍, വിവിധ കോളെജുകളിലെയും സ്‌കൂളുകളിലെയും സീനിയര്‍- ജൂനിയര്‍ എന്‍.സി.സി, എന്‍.എസ്‌.എസ്‌., സ്‌കൗട്ട്‌സ്‌-ഗൈഡ്‌സ്‌, ജൂനിയര്‍ റെഡ്‌ ക്രോസ്‌, സ്റ്റുഡന്റ്‌ പൊലീസ്‌ കെഡറ്റ്‌സ്‌ എന്നിവരടങ്ങിയ 40 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു.

sameeksha-malabarinews

പരിപാടികള്‍ക്ക്‌ മുന്നോടിയായി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ദേശീയ പതാക ഉയര്‍ത്തി. രാവിലെ 6.45 ന്‌ ജില്ലാ കലക്‌ടര്‍ കെ. ബിജു സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്‌മാരകത്തില്‍ പുഷ്‌പചക്രം അര്‍പ്പിച്ചു. ഏഴ്‌ മണിക്ക്‌ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രഭാതഭേരി സിവില്‍ സ്റ്റേഷന്‍ മൈതാനത്ത്‌ നിന്ന്‌ തുടങ്ങി എം.എസ്‌.പി ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാതഭേരിയിലും പരേഡിലും മികച്ച പ്രകടനം കാഴ്‌ചവെച്ചവര്‍ക്ക്‌ മുഖ്യാതിഥി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ റോളിങ്‌ ട്രോഫികള്‍ നല്‍കി.

പരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ., ജില്ലാ കലക്‌ടര്‍ കെ.ബിജു, അസി. കലക്‌ടര്‍ കെ. ഗോപാലകൃഷ്‌ണന്‍, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ദേബേഷ്‌ കുമാര്‍ ബെഹ്‌റ, എം.എസ്‌.പി. കമാണ്ടന്റ്‌ ഉമാ ബെഹ്‌റ, എ.ഡി.എം. എം.ടി. ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!