അരുവിക്കര നാളെ പോളിങ്‌ ബൂത്തിലേക്ക്‌

votingതിരു: ഒരു മാസം നീണ്ട പ്രചരണങ്ങള്‍ക്ക്‌ വിരാമമായി അരുവിക്കര നാളെ പോളിങ്‌ ബൂത്തിലേക്ക്‌. നിശബ്ദ പ്രചരണ ദിനമായ ഇന്ന്‌ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരെ നേരിട്ട്‌ കണ്ട്‌ വോട്ടുറപ്പിക്കുന്ന തിരക്കിലാണ്‌.

മുന്‍ സ്‌പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ്‌ അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങുന്നത്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി സി പി എം നേതാവ്‌ എം വിജയകുമാറും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥി കെ ദാസുമാണ്‌ മത്സരരംഗത്തെ പ്രധാനികള്‍.

തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി അരുവിക്കരയില്‍ കേന്ദ്രസേനയെ വിന്യസിക്കും. കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ സേന ഇന്നിറങ്ങുന്നത്‌. ആര്യനാട്‌ ജംഗ്‌ഷനിലാകും കൂടുതല്‍ സേനയെ വിന്യസിക്കുക. ജൂണ്‍ 27 ശനിയാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. ജൂണ്‍ 30 നാണ്‌ വോട്ടെണ്ണല്‍.