അരുണാചല്‍ മുന്‍മുഖ്യമന്ത്രിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

kalikho-pul-chief-ministerഗുവാഹത്തി: അരുണാചല്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കാലിഖോ പുളിനെ  ഔദ്യോഗിക വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പൊലീസ് വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് ശേഷം നാല് മാസക്കാലം മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് കാലിഖോ.

കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്ന് കാട്ടി സുപ്രീംകോടതി നബാം തൂക്കി മന്ത്രിസഭയെ തിരിച്ചു കൊണ്ടു വന്നിരുന്നു. വിമത പിന്തുണയോടെ മുഖ്യമന്ത്രിയായ കാലിഖോ പുളിനെ നീക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. പിന്നീടാണ് പെമ ഖണ്ഡു അരുണാചലിന്റെ നായകസ്ഥാനത്തേക്ക് വന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇന്ന് രാവിലെ അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായിട്ടും ഔദ്യോഗിക വസതിയില്‍ തന്നെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. നിയമപരമായി താന്‍ തന്നെയാണ് അരുണാചലിന്റെ മുഖ്യമന്ത്രിയെന്ന് വാദിച്ച കാലിഖോ ഔദ്യോഗിക വസതി ഒഴിയാന്‍ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.