ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

artist-yusuf-arakkalബംഗളൂരു:പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്‌ക്കല്‍ (72) അന്തരിച്ചു. രാവിലെ ഏഴരക്ക് ബംഗളൂരു കുന്ദലഹള്ളിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറേക്കാലമായി അസുഖ ബാധിതനായിരുന്നു. ചിത്രങ്ങള്‍, മ്യൂറലുകള്‍, ശില്‍പങ്ങള്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചിത്രകലയെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാത പുരസ്ക്കാരം നേടിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടാണ് ജനിച്ചത്.മാതാപിതാക്കളുടെ മരണശേഷം ചെറുപ്പത്തിലെ ബംഗളൂരുവില്‍ എത്തിയ ഇദ്ദേഹം പിന്നീട് കര്‍ണാടക ചിത്രകലാ പരിഷത്ത് കോളജ് ഓഫ് ഫൈനാര്‍ട്സില്‍ നിന്ന് കലാപരിശീലനം നേടി.ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഭാര്യ സാറ.

ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഏഷ്യന്‍ ആര്‍ട്ട് ബിനാലെ അവാര്‍ഡ് , കര്‍ണാടക ലളിത കലാ അക്കാദമി അവാര്‍ഡ് , കേരള സര്‍ക്കാരിന്‍റെ രാജാ രവിവര്‍മ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1986ൽ ധാക്കയിൽ നടന്ന ഏഷ്യൻ ആർട്ട് ബിനാലെയിൽ പ്രത്യേക അവാർഡ് ലഭിച്ചു. 1979ലും 1981ലും കർണാടക ലളിത കലാ അക്കാദമിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. 1989ൽ കർണാടക ലളിത കലാ അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 2012ൽ കേരള സർക്കാരിന്‍റെ രാജാ രവിവർമ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. യൂസഫ് അറക്കലിന്‍റെ സർഗജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ പല ഭാഷകളിലായി പുറത്ത് വന്നിട്ടുണ്ട്.