ആളുമാറി അറസ്‌റ്റു ചെയ്‌ത മലയാളി പ്രവാസി യുവതിക്ക്‌ 2 ലക്ഷം നഷ്ടപരിഹാരം

Untitled-1 copyചെന്നൈ: ആളുമാറിയതിനെ തുടര്‍ന്ന്‌ അറസ്‌റ്റിലായ പ്രവാസിയുവതിക്ക്‌ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌. മദ്രാസ്‌ ഹൈക്കോടതിയാണ്‌ മലയാളിയായ സാറാ തോമസിന്‌ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്‌. സാറയെ ചെന്നൈയില്‍വെച്ചാണ്‌ ഇന്‍ര്‍പോള്‍ തിരയുന്ന പ്രതിയാണെന്ന്‌ പറഞ്ഞ്‌ പോലീസും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തിനൊടുവിലാണ്‌ ആളുമാറിയ കാര്യം ഉദ്യോഗസ്ഥര്‍ക്ക്‌ മനസിലായത്‌.

വ്യാജ മരണ സര്‍ട്ടിഫികറ്റ്‌ ചമച്ച്‌ ബ്രിട്ടണിലെ ഇന്‍ഷൂറന്‍സ്‌ കമ്പനിയെ കബളിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി സാറാ വില്യംസ്‌ ആണെന്നു കരുതിയാണ്‌ സാറാ തോമസിനെ പോലീസ്‌ കഴിഞ്ഞവര്‍ഷം അറ്‌സറ്റ്‌ ചെയ്‌തത്‌. ഫോട്ടയിലെ സാമ്യം കൊണ്ടാണ്‌ ഇത്തരത്തിലൊരു അബദ്ധം സംഭവിച്ച്‌ പോയതെന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.

ഉദ്യോസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്‌ചയ്‌ക്ക്‌ പരിഹാരമായാണ്‌ കോടതി സാറയ്‌ക്ക്‌ 2 ലക്ഷം രൂപ പരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്‌. എന്നാല്‍ തനിക്ക്‌ നഷ്ടപരിഹാരം വേണ്ടെന്ന്‌ സാറാ തോമസ്‌ വ്യക്തമാക്കി. ഇതെ തുടര്‍ന്ന്‌ കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട്‌ സര്‍ക്കാരും ഓരോലക്ഷം രൂപ വീതം ചെന്നൈ ദുരിതാശ്വാസത്തിനായി മാറ്റിവെക്കാന്‍ തീരുമാനിച്ചു.

ദുബൈയില്‍ സ്ഥിര താമസക്കാരിയായ സാറ നാട്ടില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ അറസ്‌റ്റിലായത്‌. തുടര്‍ന്ന്‌ ഇവരെ പുഴല്‍ ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്‌തിരുന്നു. കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ കസ്റ്റഡിയില്‍ വിടുകയായിരുന്നു. പിന്നീട്‌ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നതിനെ തുടര്‍ന്ന്‌ മകന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.