കശ്‌മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു;കരസേന ക്യാപ്‌റ്റന്‍ കൊല്ലപ്പെട്ടു

armyജമ്മു കശ്‌മീരില്‍ പാംപോര്‍ ജില്ലയില്‍ സിആര്‍പിഎഫ്‌ സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമട്ടലില്‍ കരസേന ക്യാപ്‌റ്റന്‍ പവന്‍ കുമാര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്‌. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ്‌ തീവ്രവാദി ആക്രമണമുണ്ടായത്‌. സി ആര്‍ എഫ്‌ ജവാന്‍ന്മാര്‍ സഞ്ചരിച്ച വാഹനം മൂന്ന്‌ തീവ്രവാദികള്‍ ആക്രമിക്കുകയും മൂന്ന്‌ സിആര്‍പിഎഫ്‌ ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്‌ ശേഷം തൊട്ടടുത്തുള്ള സംരകത്വവികസന ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക്‌ തീവ്രവാദികള്‍ കയറുകയും ഇവിടെയുണ്ടായിരുന്ന ഒരു ജീവനക്കാരനെ വെടിവെച്ച്‌ കൊല്ലുകയും ചെയ്‌തു. കെട്ടിടത്തിനകത്തേക്ക്‌ കയറിയ ഭീകരര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ഭാഗത്ത്‌ ഒളിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇവരെ നേരിടുന്നതിനായി സൈന്യത്തെ വിളിക്കുകയായിരുന്നു.

രാത്രി തന്നെ സൈന്യം കെട്ടിടം വളയുകയും രാത്രി തന്നെ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയുമായിരുന്നു. ഹരിയാന സ്വദേശിയായ പവന്‍കുമാറാണ്‌ കൊല്ലപ്പെട്ടത്‌. ഇതുവരെ ഭീകരരെ ഇവിടെ നിന്ന്‌ തുരത്താന്‍ കഴിഞ്ഞിട്ടില്ല. തീവ്രവാദികള്‍ അകത്ത്‌ കടന്ന സമയം 95 ഓളം പേര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉണ്ടായിരുന്നെന്നാണ്‌ വിവരം. ഇവരെയെല്ലാം കെട്ടിടത്തില്‍ നിന്ന്‌ ഒഴിപ്പിക്കാന്‍ സൈന്യത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ചുറ്റുമുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്‌.