തോണി മറിഞ്ഞ് വിമുക്ത ഭടന്‍ മരിച്ചു

VALLIKKUNNU-KADALUNDI PUZHAYIL MUNGIMARICHA VIJAYAN  48വള്ളിക്കുന്ന്: മല്‍സ്യം പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് വിമുക്ത ഭടന്‍ മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന മകനും ബന്ധുവും രക്ഷപ്പെട്ടു. കടലുണ്ടി പുഴയിലെ ഒലിപ്രം കടവിലാണ് സംഭവം. ഒലിപ്രം കടവ് മേച്ചേരി വിജയന്‍ (48) ആണ് മരിച്ചത്.

സംഭവം നടക്കുന്നത് തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ്. മകന്‍ രോഹിത്തും ഭാര്യാ സഹോദരി ഭര്‍ത്താവ് പാലക്കാട് സ്വദേശിയായ പ്രമോദുമൊത്താണ് വിജയന്‍ മല്‍സ്യബന്ധനത്തിനിറങ്ങിയത്. ചുഴിയില്‍പെട്ട് തോണി മറിഞ്ഞാണ് അപകടം ഉണ്ടായത്. രോഹിതിനെ കരക്കെത്തിച്ച വിജയന്‍ പ്രമോദിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോളാണ് പാലത്തിന് മുകളിലുണ്ടായിരുന്നവര്‍ സംഭവം ശ്രദ്ധിച്ചിത്. പുഴയില്‍ എടുത്തു ചാടിയ ഇവര്‍ പ്രമോദിനെ കരക്കെത്തിച്ച ശേഷം വിജയനെ രക്ഷിക്കാനായി തിരിച്ച് ചാടിയപ്പോഴേക്കും വിജയന്‍ ചുഴിയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരും, പോലീസും,ഫയര്‍ഫോഴ്‌സും, തോണിക്കാരും രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പൂഴിതൊഴിലാളികളാണ് മുങ്ങിയ സ്ഥലത്തു നിന്നു തന്നെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രമോദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രോഹിത് സെന്‍ട്രല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഭാര്യ ജയശ്രീ. സഹോദരങ്ങള്‍: വേലായുധന്‍, ഗീത, വിലാസിനി,ശ്യാമള, റജി.