കാശ്‌മീരി ബാലന്‍മാര്‍ വെടിയേറ്റ്‌ മരിച്ച സംഭവം; സൈന്യം കുറ്റമേറ്റു

Armyശ്രീനഗര്‍: കാശ്‌മീരി ബാലന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെറ്റുപറ്റിയെന്ന്‌ സൈന്യത്തിന്റെ കുറ്റസമ്മതം. കഴിഞ്ഞ ദിവസം കാശ്‌മീരിലെ ബുദ്‌ഗാം ജില്ലയില്‍ സൈനികരുടെ വെടിയേറ്റ്‌ കാശ്‌മീരി ബാലന്‍മാര്‍ മരിച്ച സംഭവത്തില്‍ തെറ്റുപ്പറ്റിയെന്ന്‌ കരസേന കമാന്‍ഡര്‍ ലഫ്‌റ്റ്‌നന്റ്‌ ജനറല്‍ വി എസ്‌ കുദ. ഈ നടപടി നിയമവിരുദ്ധമാണെന്നും പത്ത്‌ ദിവസത്തിനകം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും ആ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ 5 ലക്ഷം രൂപ വീതം നല്‍കുമെന്നും സൈന്യം അറിയിച്ചിട്ടുണ്ട്‌.

എന്നാല്‍ ഈ തുക തങ്ങള്‍ക്ക്‌ വേണ്ടെന്നാണ്‌ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കുടെ നിലപാട്‌. സൈന്യത്തിന്റെ വെടിയേറ്റ്‌ മരിച്ച ഫൈസലിന്റെ പിതാവ്‌ 10 ലക്ഷം രൂപ സൈന്യത്തിന്‌ നല്‍കാമെന്നും ആ തുക തന്റെ മകനെ കൊല ചെയ്‌ത സൈനികര്‍ക്ക്‌ നല്‍കണമെന്നുമാണ്‌ രോഷത്തോടെ പ്രതികരിച്ചത്‌.

കഴിഞ്ഞ ദിവസം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സംഘം യുവാക്കള്‍ക്ക്‌ നേരെ തീവ്രവാദികളാണെന്ന്‌ കരുതി സൈന്യം വെടിവെക്കുകയായിരുന്നു.

വെടിയേറ്റ്‌ മലര്‍ജന്‍ എന്ന കൗമാരക്കാരനും കൊല്ലപ്പെട്ടിരുന്നു. മറ്റ്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.