ആറന്മുള വിമാനത്താവളത്തിന് അനുമതി

ARANMULAതിരു :ആറന്മുള

വിമാനത്താവളത്തിന് കേന്ദ്ര വന- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. ഇന്നലെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് വനംപരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജനാണ് ഉപാധികളോടെ അനുമതി നല്‍കിയിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുക. 2000 കോടി രൂപയുടേതാണ് ആറന്‍മുള വിമാനത്താവള പദ്ധതി. കേന്ദ്ര അനുമതി ലഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെജിഎസ് ഗ്രൂപ്പ് അറിയിച്ചു.

ഉപാധികളോടെ അനുമതി നല്‍കിയതിനാല്‍ ഈ ഉപാധികളുടെ ലംഘനം നടന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ വിമാനത്താവളത്തിന്റെ നിര്‍മ്മാണം തടസ്സപ്പെടൂ. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പദ്ധതി ഈ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി നേരത്തെ കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 5 കുന്നുകള്‍ നിരപ്പാക്കേണ്ടി വരും. നെല്‍വയലുകളും നികത്തേണ്ടതായി വരും. സംസ്ഥാനത്ത് നെല്‍വയല്‍ നീര്‍ത്തടനിയമം നിലവില്‍ വന്നതിനുശേഷം പദ്ധതിക്ക് വേണ്ടി വയല്‍ നികത്തിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

അതേസമയം പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് പരിസ്ഥിതിക്ക് അനുമതി നല്‍കിയതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രദേശത്ത് വ്യത്യസ്ത സംഘടനകള്‍ സമരം നടത്തി വരികയാണ്.

വിമാനത്താവളത്തിന് അനുമതി നല്‍കിയത് നിര്‍ഭാഗ്യകരമായി പേയെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. വിനാശകാലോ വിപരീത ബുദ്ധി എന്നാണ് ഇക്കാര്യത്തെ കുറിച്ച് സുധീരന്റെ പ്രതികരണം. അതേസമയം പദ്ധതിയെ അനുകൂലിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇക്കാര്യത്തില്‍ കേന്ദ്രം അനുമതി നല്‍കിയാല്‍ പിന്നെ എന്താണ് ചെയ്യുക എന്ന് അദ്ദേഹം ചോദിച്ചു.