ആംആദ്‌മി തിരിച്ചടിക്കുന്നു;സ്‌മൃതി ഇറാനിക്കും വ്യാജ ബിരുദം

ദില്ലി: ദില്ലി നിയമ മന്ത്രി ജിതേന്ദ്ര സിംഗ്‌ തോമറുടെ വ്യാജ ബിരുദ വിവാദത്തിനും അറസ്‌റ്റിലും പ്രതിരോധത്തിലായ ആംആദ്‌മി പാര്‍ട്ടി തിരിച്ചടിക്കൊരുങ്ങുന്നു. കേന്ദ്ര മാനവവിഭശേഷി മന്ത്രി സ്‌മൃതി ഇറാനിക്കും വ്യാജ ബിരുദമാണ്‌ ഉള്ളതെന്ന റിപ്പോര്‍ട്ടിന്‍മേല്‍ കേസെടുക്കാന്‍ ദില്ലി പോലീസ തയ്യാറാകണമെന്നാണ്‌ ആംആദ്‌മിപാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഇന്ന്‌ ദില്ലിയില്‍ വിളിച്ചുചേര്‍ന്ന്‌ വാര്‍ത്താസമ്മേളന്തതില്‍ ആപ്പിന്റെ സീനിയര്‍ ലീഡറായ സഞ്ചെയ്‌ സിംഗാണ്‌ തോമറിനെതിരെ നടപടിയെടുക്കുന്നവര്‍ സ്‌മൃതി ഇറാനിക്കും ആഗ്രയില്‍ നിന്നുള്ള ബിജെപി എംപി രാംശങ്കര്‍ കത്തേരിയക്കെതിരെയും നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌.

സ്‌മൃതി ഇറാനി തന്റെ വിദ്യഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തി എന്ന ആക്ഷേപം ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്തുതന്നെ ഉയര്‍ന്നിരുന്നു. വിദ്യഭ്യാസ യോഗ്യതയെ കുറിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ മുന്നില്‍ വൈരുധ്യമുള്ള സത്യവാങ്‌മൂലം സമര്‍്‌പപിച്ചുവെന്നതായിരുന്നു ആക്ഷേപം. മറ്റൊരു കേന്ദ്രമന്ത്രിയായ കത്തേരിയ അംബേദ്‌ക്കര്‍ യൂണിവേഴ്‌സിറ്റില്‍ ജോലിക്കായി മാര്‍ക്ക്‌ തിരുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ സംവരണം ചെയ്‌ത സീറ്റില്‍ മത്സരിക്കാന്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റാണ്‌ ഹാജരാക്കിയതെന്നും ആംആദ്‌മി ആരോപിച്ചു. ദില്ലി പോലീസ്‌ ഇത്തരം വിഷയങ്ങളില്‍ ഇരട്ടത്താപ്പ്‌ നയം സ്വീകരിക്കുകയാണെന്നും സന്‌ജ്ജയ്‌ സിംഗ്‌ പറഞ്ഞു.