അഫ്ഗാനിസ്ഥാനില്‍ പോലീസിന്റെ വെടിയേറ്റ് എപിയുടെ വനിതാ ഫോട്ടോഗ്രാഫര്‍ മരിച്ചു

aniyaകാബൂള്‍ : പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ പോലീസ് ഉദേ്യാഗസ്ഥന്റെ വെടിയേറ്റ് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സിന്റെ (എപി) വനിത ഫോട്ടോഗ്രാഫര്‍ ആനിയ നീഡ്രിങ്ഹൗസ് (48) കൊല്ലപ്പെട്ടു. ജര്‍മ്മന്‍കാരിയാണ് ഇവര്‍. ഇവരുടെ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകക്കും പരിക്കേറ്റിട്ടുണ്ട്.

ആനിയയുടെ കൂടെയുണ്ടായിരുന്ന എപിയുടെ പാകിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ മേഖലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ കാത്തി ഗാനനാണ് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ വിതരണം ചെയ്യുന്ന സംഘത്തിന് പിന്നാലെ ട്രാനെ നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കുമ്പോളാണ് ഗോസ്റ്റ് പ്രവിശ്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റത്. മുമ്പിലുള്ള വാഹനം നീങ്ങാന്‍ കാത്തു നില്‍ക്കുന്ന സമയത്ത് പോലീസ് ഉദേ്യാഗസ്ഥന്‍ നടന്ന് വന്ന് ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ച ശേഷം ഇയാള്‍ പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. അതേ സമയം തെറ്റിദ്ധാരണ മൂലമാകാം പോലീസ് ഉദേ്യാഗസ്ഥന്‍ വെടിവെച്ചതെന്നും സംഭവത്തെ കുറിച്ച് അനേ്വഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം സംഭവത്തെ കുറിച്ച് പ്രതികരിച്ചു.

ഇതോടെ അഫ്ഗാനിസ്ഥാനില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 3 ആയി.