Section

malabari-logo-mobile

താനൂരില്‍ മുസ്ലീംലീഗ്-ബിജെപി ബാന്ധവമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

HIGHLIGHTS : താനൂർ നഗരസഭയിലെ മുസ്ലിംലീഗ് – ബിജെപി ബാന്ധവത്തെക്കുറിച്ച് പരസ്യ പ്രചാരണവുമായി കോൺഗ്രസ്  കൗൺസിലർ രംഗത്ത്. കോൺഗ്രസ്, മുസ്ലിംലീഗിന് കീഴ്പെടുന്നത...

താനൂർ നഗരസഭയിലെ മുസ്ലിംലീഗ് – ബിജെപി ബാന്ധവത്തെക്കുറിച്ച് പരസ്യ പ്രചാരണവുമായി കോൺഗ്രസ്  കൗൺസിലർ രംഗത്ത്.
കോൺഗ്രസ്, മുസ്ലിംലീഗിന് കീഴ്പെടുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ലാമിഹ് റഹ്മാനാണ് ലീഗിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടിട്ടുള്ളത്.
തനിക്കെതിരെ നിരന്തരം പോസ്റ്റുകളിടുന്നവരും താനൂരിലും, കേരളത്തിലും കേന്ദ്രത്തിലും ഉണ്ടാക്കിത്തരാൻ നിൽക്കുന്നവരുമായവരോട് ഒരു ചോദ്യം എന്നാണ് പോസ്റ്റിന്റെ തുടക്കം.  കഴിഞ്ഞ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ എത്ര സീറ്റുകൾ കോൺഗ്രസിനു തന്നു? എന്നതാണ് അടുത്ത ചോദ്യം. മുസ്ലിം ലീഗിന് അടിമപ്പെട്ട് നിൽക്കുന്ന കോൺഗ്രസിന്റെ നിസ്സഹായ അവസ്ഥയാണ് ലാമിഹ് തന്റെ പോസ്റ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല മുസ്ലിം ലീഗ് റിബൽ സ്ഥാനാർത്ഥികളെ  നിർത്താതെയും, ബിജെപിക്ക് വോട്ട് മറിക്കാതെയും എവിടെയെല്ലാം കോൺഗ്രസിനെ വിജയിപ്പിച്ചെന്നും പോസ്റ്റിൽ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ ബിജെപിക്ക് സീറ്റ്‌ ഉണ്ടാക്കി കൊടുക്കാൻ മുസ്ലിംലീഗ് കാണിക്കുന്ന ശ്രദ്ധ താനൂരുകാർക്ക് പച്ചവെള്ളം പോലെ അറിയാമെന്നുള്ള ആരോപണം ഏറെ ഗുരുതരമാണ്. പല തവണ ഇടതുപക്ഷ പാർടികൾ ഇക്കാര്യം പറയുമ്പോഴും അത് ആരോപണം മാത്രമാണെന്ന് പറഞ്ഞ് മുസ്ലിംലീഗ് തടി തപ്പുകയാണ് പതിവ്. എന്നാൽ കോൺഗ്രസ് കൗൺസിലർ തന്നെ ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ചർച്ചകളിൽ കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന സീറ്റ്‌ തരാം എന്ന് പറഞ്ഞു മണ്ഡലം പ്രസിഡന്റി‌നെ പറഞ്ഞു പറ്റിക്കുക പതിവാണന്നെന്നും, എന്നാൽ അവിടങ്ങളിൽ  മുസ്ലിംലീഗ് റിബൽ സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ തവണ കോൺഗ്രസ്‌ മത്സരിച്ച ആറ് സീറ്റിൽ മൂന്ന് ഇടങ്ങളിൽ  ബിജെപിക്ക് വോട്ടു മറിച്ചു കൊടുത്തത് ലീഗിന്റ സജീവ പ്രവർത്തകരുടെ നേതൃത്വത്തിലാണ്, വേറെ പല ഡിവിഷനുകളിലും പരസ്യമായി ബിജെപിയെ സഹായിച്ച് ജയിപ്പിച്ചതും ലീഗ് തന്നെ ആണെന്നും, അതിനുള്ള  നന്ദിയായിട്ടാണ് മുനിസിപ്പാലിറ്റിയിൽ ഒരു സമര പരിപാടികൾ പോലും നടത്താതെ ഒത്തുകളിക്കുന്നതെന്നും, മുസ്ലിംലീഗിന്റെ ബി ടീം ആയാണ്  ബിജെപി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് കൗൺസിലർ പറയുന്നു.
ഡിസിസി പ്രസിഡന്റിന്റെ കത്ത്  നല്കിയിട്ടും മുന്നണി മര്യാദ അനുസരിച്ച് മുനിസിപ്പൽ ഭരണത്തിൽ കോൺഗ്രസിന് കിട്ടേണ്ട പ്രാധിനിത്യം എന്തുകൊണ്ടാണ് ലീഗ് നൽകാത്തതെന്നും, താനൂരിലെ മുസ്ലിംലീഗ് നെറികേട് ചോദ്യം ചെയ്യാനുള്ള നേതൃത്വം താനൂരിൽ ഇല്ലാതായതാണ്  കോൺഗ്രസിന്റെ വീഴ്ചയെന്നും ലാമിഹ് പറയുന്നു. #

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!