തിരൂരങ്ങാടിയില്‍ പിടികൂടിയ കഞ്ചാവെത്തിയത് ആന്ധ്രയില്‍ നിന്ന്

തിരൂരങ്ങാടിയില്‍ പിടികൂടിയ കഞ്ചാവെത്തിയത് ആന്ധ്രയില്‍ നിന്ന്

കഞ്ചാവ് കൃഷി നടത്തുന്നത് മാവോയിസ്റ്റ് മേഖലയില്‍

സംഘത്തെ പിടികൂടിയത് അതിസാഹസികമായ നീക്കങ്ങള്‍ക്കൊടുവില്‍

തിരൂരങ്ങാടി:ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് വിതരണത്തിന് കൊണ്ടുവന്ന 60 കിലോ ഗ്രാം കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ യുവതിയടക്കം മൂന്ന് പേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. അഖില്‍ എന്ന കീരി(22)(കാഞ്ഞിരത്തില്‍ ഹൗസ്, രാജാക്കാട്, ഇടുക്കി), ചെല്ലൂ ശ്രീനിവാസ്(23)(റെഡി പേട്ട,റംബ ചോട വാരം, ആന്ധ്ര), നാഗ ദേവി(22)(റെഡി പേട്ട, റംബചോട വാരം ആന്ധ്ര) എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുന്‍പ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് ലോറിയില്‍ കടത്തിയ മൂന്ന അംഗ സംഘത്തെ 5 കിലോ ഗ്രാം കഞ്ചാവുമായി പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ മാഫിയയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇവരെ കുറിച്ച് മനസിലാക്കിയ സംഘം ഇവരെ കേരളത്തിലെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരെന്ന രീതിയില്‍ ബന്ധപ്പെടുകയും ഇവരോട് ആന്ധ്രയിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതെ തുടര്‍ന്ന് മഞ്ചേരി എസ്‌ഐ ജലീലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വേഷം മാറി ആന്ധ്രയിലെ വിജയവാടയിലെത്തി ഇടുക്കി രാജാക്കാട് സ്വദേശി അഖിലിനെ ബന്ധപ്പെട്ട് വിലപേശി ഓഡര്‍ കൊടുത്തു. കേരളത്തില്‍ എത്തിച്ചാല്‍ മുഴുവന്‍ പണവും അവിടെവെച്ച് തരാമെന്ന് അയാളെ പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടര്‍ന്ന് ഇയാള്‍ അന്വേഷണ സംഘത്തെയും കൂട്ടി ഇവിടെ നിന്നും ഒറീസ ബോര്‍ഡറില്‍ ഉള്ള നരസി പട്ടണത്തില്‍ എത്തി. അവിടെ നിന്നും ആന്ധ്ര സ്വദേശികളായ മറ്റു രണ്ടുപേരെ പരിചയപ്പെടുത്തി. ഇവരാണ് നാട്ടിലേക്ക് കഞ്ചാവ് എത്തിക്കുന്നവര്‍. യുവതി കാറിന്റെ മുന്‍ സീറ്റിലിരുന്നാല്‍ ചെക്കിംഗ് ഒന്നുമില്ലാതെ പോരാമെന്നും ഇതിന് മുന്‍പ് ഇവര്‍ 50 ഓളം തവണ കടത്തിയിട്ടുണ്ടെന്നും പറഞ്ഞു. അവരുമായി വിലപേശി കരാര്‍ ഉറപ്പിച്ചു. പിന്നീട് അവിടെ നിന്നും അവര്‍ സംഘത്തെയും കൂട്ടി 100 കിലോമീറ്റര്‍ കൂടി ബോഡറിലേക്ക് പോയി. ഇവിടെ വെച്ച് മൊബൈല്‍ എല്ലാം ഓഫാക്കാന്‍ പറഞ്ഞു. തുടര്‍ന്ന് മാവോയിസ്റ്റ് സ്വാധീനമുള്ള സീഡി ഗുണ്ടയില്‍ എത്തി. അവിടെയുള്ള ആദിവാസി ഊരിലാണ് കഞ്ചാവ് സ്‌റ്റോക്ക് ഉള്ളത്. മാവോയിസ്റ്റുകളാണ് കഞ്ചാവ് കൃഷി ചെയ്ത് അവിടെ എത്തിക്കുന്നത്. അവരുടെ നേതാവിനെ കണ്ട് ഡീല്‍ ഉറപ്പിച്ചു. പതിനായിരക്കണക്കിന് കിലോ കഞ്ചാവാണ് അവര്‍ അവിടെ സ്‌റ്റോക്ക് ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറോളം നടന്ന് വേണം കഞ്ചാവ് സൂക്ഷിച്ചിരിക്കുന്ന മലയില്‍ എത്താന്‍. അവിടെ നിന്നും തലച്ചുമടായി മലയിറത്തി വണ്ടിയില്‍ അവര്‍ എത്തിച്ചു നല്‍കും. അവിടെ മാവോയിസ്റ്റുകളാണ് കൃഷി ചെയ്യുന്നത്. പോലീസോ മറ്റ് പരിചയമില്ലാത്ത ആളുകളോ അവരുടെ കൂടെയല്ലാതെ അങ്ങോട്ടുചെന്നാല്‍ വെടിവെച്ച് കൊല്ലുമെന്നും അവിടെ പോലീസിന്റെ സപ്പോര്‍ട്ട് ഉണ്ടെന്നും ഒന്നും പേടിക്കാനില്ലെന്നും പറഞ്ഞു.തുടര്‍ന്ന് രണ്ടാഴ്ചയ്ക്കകം കേരളത്തില്‍ എത്തിച്ചുതരാമെന്ന ഉറപ്പിന്‍മേല്‍ അന്വേഷണ സംഘം നാട്ടിലെത്തി ഇവര്‍ക്കായുള്ള വലയും വിരിച്ച് കാത്തിരുന്നു.

അവിടെ രണ്ടാഴ്ചയോളം താമസിച്ച സംഘം ഇവരെ സ്ഥിരമായി ബന്ധപ്പെടുന്ന കേരളക്കാരെ കുറിച്ച് മനസിലാക്കി ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളെ കുറിച്ചും മനസിലാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം മാവോ സ്വാധീനമുള്ള സ്ഥലത്ത് താമസിച്ച് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണ സംഘം നടത്തിയ നീക്കത്തില്‍ ആന്ധ്രയില്‍ നിന്നും ഒരു സംഘം കഞ്ചാവുമായി കേരളത്തിലേക്ക് പോന്നിട്ടുണ്ടെന്ന രഹസ്യ വിവരം കിട്ടി. പ്രതികള്‍ കഞ്ചാവ് കൊണ്ടുപോകുന്ന വാഹനത്തെ കുറിച്ചു മനസിലാക്കിയ സംഘം ഇന്നലെ വൈകീട്ടോടെ തിരൂരങ്ങാടി വെന്നിയൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

പിടികൂടിയ ഇടുക്കി സ്വദേശിയെ ചോദ്യം ചെയ്തതില്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ള മൊത്തവിതരണക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ അച്ഛനും പിടിയിലായ യുവതിയുടെ ഭര്‍ത്താവും ഒരു വര്‍ഷം മുന്‍പ് 250 കിലോഗ്രാം കഞ്ചാവുമായി ആന്ധ്രാ പോലീസ് പിടികൂടി ജയിലിലാണിപ്പോള്‍ ഉള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ സംസ്ഥാനത്തെ മൊത്തവിതരണക്കാരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.

ഇതോടെ ഈ മൂന്ന് മാസത്തിനുള്ളില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം പിടികൂടുന്ന ആളുകളുടെ എണ്ണം 25 ആയി. ഇവരില്‍ നിന്നും 1.5 കിലോഗ്രാം കെറ്റമിന്‍, 750 ഗ്രാം എംഡിഎംഎ, 250 ഗ്രാം ബ്രൗണ്‍ഷുഗര്‍, നൈട്രോസി പാം ഗുളികകള്‍, 80 കിലോഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ധപേഷ് കുമാര്‍ ബഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍,
എസ്‌ഐ വിശ്വനാഥന്‍, മഞ്ചേരി എസ്‌ഐ ജലീല്‍ കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടാനായി അന്വേഷണം നടത്തുന്നത്.

Related Articles