അമൃതാനന്ദമയി മഠത്തിനെതിരെ കേസില്ല; പോലീസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

download (1)ദില്ലി : മാതാ അമൃതാനന്ദമയി മഠത്തിനെതിരെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്വല്‍ ഉന്നയിച്ച ആരോപണങ്ങളടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ ആകില്ലെന്ന പോലീസ് നിലപാടിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. മുഖ്യമന്ത്രിയുടെയും, ആഭ്യന്തരമന്ത്രിയുടെയും സ്വാധീനത്തെ തുടര്‍ന്നാണ് കേസെടുക്കാത്തതെന്ന് ചൂണ്ടികാട്ടി സുപ്രീം കോടതി അഭിഭാഷകനായ ദീപക് പ്രകാശ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ദീപക് പ്രകാശിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കരുനാഗപള്ളി പോലീസ് തീരുമാനിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് ഉദേ്യാഗസ്ഥരെ ശിക്ഷിക്കണമെന്ന സുപ്രീം കോടതി വിധിയുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊല്ലം എസ്പി, കരുനാഗപള്ളി എസ്‌ഐ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അമൃതാനന്ദമയിയുടെ ശിഷ്യയും പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഗെയില്‍ ട്രെഡ്വലിന്റെ ‘വിശുദ്ധ നരകം വിശ്വാസത്തിന്റെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍’ എന്ന പുസ്തകത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.