സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാര്‍ച്ച് 29 മുതല്‍ പൊതുമാപ്പ് നിലവില്‍ വരും. ജൂണ്‍ 24 ന് (റമദാന്‍ അവസാനം) വരെയാണ് കാലാവധി.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നിയമലംഘകരില്ലാത്ത രാജ്യം എന്ന തലക്കെട്ടില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചത്.പൊതുമാപ്പ് ലഭിക്കുന്നവര്‍ക്ക് പിഴ, ശിക്ഷ, തടവ് ഇല്ലാതെ രാജ്യം വിടാം. നാട്ടിലേക്ക് പോകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ല.

ഇഖാമ നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍, ഹജ്ജ്, ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടും. എന്നാല്‍ പോലീസ് കേസുകളില്‍ കുടുങ്ങിയവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.