അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാനാവില്ല; ചെന്നിത്തല

RAMESH_CHENNITHALA_9010eതിരു : അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയില്‍ ട്രെഡ്വല്‍ തന്നെ പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലില്‍ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍. പുസ്തകത്തിലെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് ഭക്തരുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല വ്യക്തമാക്കി.

സംഭവം വിവാദമായതിനെ തുടര്‍ന്ന് ആദ്യമായാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. മാതാ അമൃതാനന്ദമയിക്കെതിരെ ഗെയിലിന്റെ പുസ്തകത്തിലൂടെ പരാമര്‍ശം ഉയര്‍ന്നതോടെ മഠത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ പ്രതികരണം. ഈ സംഭവത്തോട് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനെ തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ രംഗത്ത് വരാത്തതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം സജീവ ചര്‍ച്ചയായിട്ടുണ്ട്.

മാതാഅമൃതാനന്ദമയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു. അമൃതാനന്ദമയിയുടെ ഭക്തരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചിരിക്കുന്നത്.

കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി എസ്പിക്കാണ് അനേ്വഷണ ചുമതല. എന്നാല്‍ മുന്‍ശിഷ്യയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ഇതുവരെ മഠം തയ്യാറായിട്ടില്ല.