Section

malabari-logo-mobile

നിരത്തുകള്‍ കിട്ടാതെ പഴയ രാജാക്കന്‍മാര്‍

HIGHLIGHTS : കോട്ടക്കല്‍: ഒരു കാലത്ത്‌ ഇന്ത്യന്‍ റോഡുകളുടെ ഹരമായി അരങ്ങ്‌ വാണിരുന്ന അംബാസഡര്‍ കാറുകള്‍ ഇപ്പോള്‍ നിലനില്‍പ്പിനായി പെടാപാടുപെടുന്നു. പുത്തന്‍ സാങ്...

1കോട്ടക്കല്‍: ഒരു കാലത്ത്‌ ഇന്ത്യന്‍ റോഡുകളുടെ ഹരമായി അരങ്ങ്‌ വാണിരുന്ന അംബാസഡര്‍ കാറുകള്‍ ഇപ്പോള്‍ നിലനില്‍പ്പിനായി പെടാപാടുപെടുന്നു. പുത്തന്‍ സാങ്കേതിക മികവ്‌ യാഥാര്‍ത്ഥ്യമാക്കി വിസ്‌മയിപ്പിക്കുന്ന പുത്തന്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയെ കീഴടക്കിയപ്പോള്‍ ഇന്ത്യന്‍ റോഡിലെ മഹാത്ഭുതം എന്ന്‌ വിശേഷിപ്പിക്കപ്പെട്ട അംബാസഡര്‍ കാറുകള്‍ പതുക്കെ പതുക്കെ പിന്തള്ളപ്പെട്ടുവെന്നതാണ്‌ വസ്‌തുത.
ഹിന്ദുസ്ഥാന്‍ കമ്പനിയുടെ പഴയ മുട്ടന്‍ കാറുകളുടെ സ്ഥാനത്ത്‌ അംബാസഡര്‍ കടന്ന്‌ വന്നപ്പോള്‍ അന്നൊരു ആഘോഷം തന്നെയായിരുന്നു. പിന്‍സീറ്റില്‍ മലര്‍ന്ന്‌ കിടന്ന്‌ കൈകള്‍ പിറകില്‍ നീട്ടിവെച്ച്‌ ഭാഗ്യവാന്മാര്‍ അംബാസഡര്‍ കാറിനു സുഖയാത്ര ചെയ്‌തിരുന്നത്‌. തെല്ലൊരസൂയയോടെയാണ്‌ ജനങ്ങള്‍ നോക്കി കണ്ടിരുന്നത്‌ അന്നത്‌ ഓടിച്ചിരുന്ന ഡ്രൈവര്‍മാര്‍ പോലും ഒരല്‍പം ഗമയിലായിരുന്നു എന്ന്‌ പഴമക്കാര്‍ പറയുന്നു. കിതച്ച്‌ മുരണ്ട്‌ പായുന്ന ജീപ്പുകള്‍ മാറ്റി അംബാസഡറിലേക്ക്‌ മാറാന്‍ സര്‍ക്കാര്‍ വകുപുദ്യോഗസ്ഥന്മാര്‍ക്കും എന്തൊരു ധൃതിയായിരുന്നു. പക്ഷേ കോലവും കാലവും കാണിക്കാതെ മാറിമറിഞ്ഞ്‌ വന്നപ്പോള്‍ അംബാസഡറിന്റെയും ശനിദിശ തുടങ്ങിയിരുന്നു.

1984 കളില്‍ മാരുതികാറുകള്‍ ഒരു കൊടുങ്കാറ്റ്‌ പോലെ ആഞ്ഞ്‌ വീശിയപ്പോള്‍ ഇന്ത്യന്‍ റോഡിലെ വിസ്‌മയപട്ടം പതുക്കെ അഴിച്ച്‌ വെക്കാന്‍ അംബാസഡറിന്റെ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുന്നതാണ്‌ പിന്നെ കണ്ടത്‌. പ്രതിസന്ധി മറികടക്കാന്‍ എയര്‍കണ്ടീഷന്‍സ്‌ കാറുകളുമായി ഒരു തിരിച്ച്‌ വരവിന്‌ ശ്രമിച്ചെങ്കിലും അംബാസഡര്‍ കാറിനോടുള്ള ജനങ്ങളുടെ താത്‌പര്യക്കുറവ്‌ കുടഞ്ഞെറിയാന്‍ അത്‌ പര്യാപ്‌തമായതുമില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ പിടിച്ച്‌ നില്‍ക്കാനുള്ള ശ്രമവും പിന്നെ പാളി. ഇപ്പോള്‍ മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ഇന്നോവ മുതല്‍ മേലോട്ടുള്ള വാഹനങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. സ്വകാര്യ വ്യക്തികളുടെ കാര്യത്തില്‍ ഈ ചുവട്‌ മാറ്റം അമ്പരിപ്പിക്കുന്ന വിധം അനുഭവപ്പെടുകയും ചെയ്‌തിരിക്കുന്നു.

sameeksha-malabarinews

്‌ വര്‍ഷങ്ങളായി അംബാസിഡര്‍ കാറുകള്‍ ടാക്‌സി ഓടിച്ച്‌ കുടുംബം പുലര്‍ത്തിയിരുന്ന കുറെ പാവം ഡ്രൈവര്‍മാര്‍ കണ്ണഞ്ചിപ്പിക്കുന്ന പുത്തന്‍ ശീതികൃത വാഹനങ്ങളുടെ മലവെള്ള പാച്ചിലില്‍ പിടിച്ച്‌ നില്‍ക്കാന്‍ ഒരു കച്ചിതുരുമ്പായി കേണുകൊണ്ടിരിക്കുന്ന ദയനീയത നമുക്ക്‌ ചുറ്റും ദു:ഖ ഛവി പരത്തിയിരിക്കുന്നു. ഭാര്യയുടെ കെട്ടുതാലി വിറ്റും വീട്ടും പറമ്പും പണയപ്പെടുത്തിലും കൊള്ള പലിശക്ക്‌ വായ്‌പയെടുത്തും അംബാസഡര്‍ ടാക്‌സികള്‍ വാങ്ങി അന്നം തേടാനിറങ്ങിയ ഡ്രൈവര്‍മാരുടെ രോദനം കണ്ടില്ലെന്ന്‌ നടിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
ഗള്‍ഫില്‍ നിന്നും വരുന്നവരെങ്കിലും എയര്‍ പോര്‍ട്ടില്‍ നിന്ന്‌ വിളിക്കുന്നത്‌ പോലും ഇപ്പോള്‍ മുന്തിയ കാറുകളാണ്‌. ഇന്നോവ, സ്‌കോര്‍പിയോ, എര്‍ട്ടിക, ടവേര, സൈലോ തുടങ്ങിയ രാജകീയ പരിവേഷമുള്ള ശീതീകരിച്ച ടാക്‌സി കാറുകള്‍ സുലഭമായതോടെ പലരും അംബാസഡര്‍ കാറിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്‌. വിവാഹം, വിനോദയാത്ര, തീര്‍ത്ഥാടനം തുടങ്ങിയ നാല്‌ കാശ്‌ കിട്ടുന്ന വഴിയൊക്കെ അംബാസഡര്‍ കാറുകള്‍ക്ക്‌ മുന്നില്‍ അടഞ്ഞിരിക്കുന്നു. ഫലം വമ്പന്‍ ടാക്‌സിക്ക്‌ നല്ല കൊയ്‌ത്ത്‌.

കോഴിക്കോട്‌, നെടുമ്പാശ്ശേകി, തിരുവനന്തപുരം എന്നീ എയര്‍പോര്‍ട്ടുകളിലും തിരുവനന്തപുരം കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കുറ്റിപ്പുറം, തിരൂര്‍, കണ്ണൂര്‍, കോഴിക്കോട്‌ എന്നീ റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റു വമ്പന്‍ സിറ്റികളിലും അംബാസഡര്‍ ടാക്‌സികളുണ്ട്‌. പ്രഭാതം മുതല്‍ പ്രദോഷംവരെ കണ്ണിലെണ്ണഴൊയിച്ച്‌ കാത്തിരുന്നാലും ഇടപാടുകാരെ കിട്ടാതെ വെറും കൈയോടെ വീടണയേണ്ട ദുര്‍ഗതിയാണ്‌ പല ഡ്രൈവര്‍മാര്‍ക്കുമുള്ളത്‌. ഉള്ള അംബാസഡര്‍ ഒഴിവാക്കി കാലത്തിനൊത്ത്‌ ഒരു പുതിയ ഒരെണ്ണം വാങ്ങാമെന്ന്‌ വെച്ചാല്‍ സാമ്പത്തിക ശേഷി കുറഞ്ഞ ഡ്രൈവര്‍മാര്‍ക്ക്‌ അത്‌ വെറും സ്വപ്‌നമാണെന്ന്‌ വേണം പറയാന്‍. അംബാസഡര്‍ ടാക്‌സികള്‍ക്ക്‌ ആഡംബര ടാക്‌സികളെക്കാള്‍ കാറുഞ്ഞ വാടകയാണുള്ളതെങ്കിലും കയ്യില്‍ കാശില്ലെങ്കിലും യാത്ര ആഡംബര ശകടത്തില്‍ തന്നെ ആക്കണമെന്ന്‌ പരമദരിദ്രര്‍ പോലും വാശി പിടിക്കുന്ന ഇക്കാലത്ത്‌ അംബാസഡര്‍ ഡ്രൈവര്‍മാരുടെ സ്ഥിതി ഇനിയും മോശമാകാനേ വഴിയുള്ളൂ.

പുതിയ സാഹചര്യത്തില്‍ ഓട്ടം തീരെ കുറഞ്ഞതിനാല്‍ ഭീമമായ ഇന്ധന വിലയും അറ്റകുറ്റ പണിക്കുള്ള ചെലവും ടാക്‌സും താങ്ങാനാവാതെ കഷ്ടപ്പെടുന്ന അംബാസഡര്‍ ടാക്‌സികളെ സംസ്ഥാനത്തെ മിക്ക ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിവേദനം നല്‍കിയിരിക്കുകയാണ്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!