അല്‍ജസീറയ്ക്ക് രണ്ടു ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഈജിപ്തിനോട് ഫിഫ

ദോഹ: ഖത്തറിലെ അല്‍ജസീറ നെറ്റ്‌വര്‍ക്കിന്റെ അല്‍ജസീറ സ്‌പോര്‍ട്‌സിന് രണ്ടു ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ഈജിപ്ത്യന്‍ ടെലിവിഷനില്‍ നിന്ന് ഈടാക്കി നല്‍കണമെന്ന് ഫിഫ.
ഇതു സംബന്ധിച്ച് ഫിഫ ഈജിപ്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് കത്തയച്ചു. ഈ തുക ഈജിപ്ത്യന്‍ ടെലിവിഷനില്‍ നിന്ന് ഈടാക്കി നല്‍കുന്നതുവരെ ഈജിപ്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് ആഫ്രിക്കന്‍ ഫുട്ബാള്‍ യൂണിയനില്‍ നിന്നും ഫിഫയില്‍ നിന്നും ലഭിക്കേണ്ട എല്ലാ തുകകളും മരവിപ്പിക്കാനും ഫിഫ ഉത്തരവിട്ടിട്ടുണ്ട്.
ഈജിപ്തും ഘാനയും തമ്മില്‍ കുമാസില്‍ നടന്ന 2014ലെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം സ്‌പ്രേഷണം ചെയ്തതിനാണ് ഇത്. ഈ മത്സരത്തിന്റെ പൂര്‍ണ്ണമായ സംപ്രേഷണാവകാശം അല്‍ജസീറ സ്‌പോര്‍ട്‌സിനായിരുന്നു.
ഈജിപ്ത്യന്‍ ടി വിയില്‍ നിന്ന് രണ്ടു ദശലക്ഷം ഡോളര്‍ ഈടാക്കി നല്‍കണമെന്ന് ഫിഫയില്‍ നിന്ന് കത്തു ലഭിച്ചതായി ഈജിപ്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തര്‍വത് സുവൈലിം സ്ഥിരീകരിച്ചു.