ബോക്‌സര്‍ അലിയുടെ ജീവിതം മലയാള നാടകവേദിയിലെത്തുന്നു

കൊച്ചി : റിങ്ങിനകത്തും പുറത്തും പോരാളിയായ ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ ജീവിതം മലയാളത്തില്‍ അരങ്ങിലെത്തുന്നു.
കൊച്ചിയിലെ സെന്റര്‍ ഫോര്‍ കണ്ടംപ്രറി ആര്‍ട്ടാണ് അലിയുടെ ജീവതകഥ അലി ബിയോണ്ട് ദ റിംഗ് എന്ന പേരിലുള്ള ഈ നാടകം ഒരുക്കുന്നത്. എറണാകുളത്തെ ഇടപ്പള്ളിയിലുള്ള കേരള ഹിസ്റ്ററി മ്യൂസിയത്തിലെ ആംഫി തിയ്യേറ്ററിലാണ് നാടകം അരങ്ങേറുക. ഏപ്രില്‍ 27,28,29 തിയ്യതികളിലാണ് നാടകം.
അലി ബിയോണ്ട് ദി റിങ്ങിലെ മുഹമ്മദ് അലിയെ വേദിയില്‍ അവതരിപ്പിക്കുന്നത് ഷെറില്‍ ആണ്. 25 വര്‍ഷമായി നാടക രംഗത്ത് സജീവമായ സാനിധ്യമാണ് ഷെറില്‍. ടെലിവിഷിന്‍ ഷോകളിലും ഷെറില്‍ സാനിധ്യമറിയിച്ചിട്ടുണ്ട്.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നാടകത്തിന് വേദിയാകുന്നത്. ഒരു ബോക്‌സിങ് റിങ്ങ് തന്നെയാണ്. മത്സരം കാണാനിരിക്കുന്നതു പോലെ റിങ്ങിന് ചുറ്റുമിരുന്ന് നാടകം കണാം.

റിങ്ങിലെ ഈ ഇടിയുടെ രാജകുമാരന്റെ ജീവതത്തിലുള്ള പല രംഗങ്ങളും നാടകത്തില്‍ ദൃശ്യാവിഷ്‌ക്കരിക്കുന്നുണ്ട്.
അലിയുടെ സംഗീതതാല്‍പര്യം പാശ്ചാത്തലമാക്കിയാണ് അലിയുടെ ജീവിതം രംഗത്തെത്തുക. തത്സമയം റെഗ്ഗ, ഹിപ്‌ഹോപ്പ്, ജാസ് വിഭാഗത്തിലെ ഗാനങ്ങള്‍ അവതരിപ്പിക്കുന്ന ബാന്റും നാടകത്തിന്റെ ഭാഗമാകുന്നുണ്ട്.

പതിനെട്ട് അഭിനേതാക്കളാണ് ഈ നാടകത്തില്‍ അരങ്ങിലെത്തുക. പ്രശസ്ത നാടകപരിശീലകനും സംവിധായകനുമായ ജോയ് പിപി യാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. നാടകരചന മദന്‍ബാബു, മേക്കപ്പ് പട്ടണം റഷീദ്, ലൈറ്റ് ഡിസൈനിങ്ങ് ശ്രീകാന്ത് കാമി, കൊറിയോഗ്രാഫി ശ്രീജിത്ത് എന്നീ പ്രഗത്ഭരാണ് നാടകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

ടിക്കറ്റിനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പര്‍ ; 9746916059, 9447585046