എന്തുകൊണ്ട് ഗുജറാത്തില്‍ നിന്നുള്ളവര്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്നില്ലെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: എന്ത് കൊണ്ട് ഗുജറാത്തില്‍ നിന്നുള്ള ഒരു സൈനികനും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്നില്ലെന്ന മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. യുപി, മധ്യപ്രദേശ്, ദക്ഷിണേന്ത്യ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സൈനികര്‍ രാജ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍ ഗുജറാത്തില്‍ നിന്ന് എന്ത്‌കൊണ്ടാണ് രക്തസാക്ഷികള്‍ ഉണ്ടാകാത്തതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. തീവ്ര ദദേശീയ നിലപാടുകള്‍ ഉയര്‍ത്തുന്ന പ്രധാനമന്ത്രിയെ ലക്ഷ്യമാക്കിയായിരുന്നു അഖിലേഷിന്റെ ഗുജറാത്ത് പ്രയോഗം.

ദേശീയതയുടെയും വന്ദേമാതരത്തിന്റെയും സൈനികരുടെ രക്തസാക്ഷിത്വത്തിന്റെയും പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് ദേശീയത എന്നാല്‍ ഹിന്ദുത്വം മാത്രമാണെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.
അഖിലേഷിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. അഖിലേഷ് യാദവിന്റെ വാക്കും രാഷ്ട്രീയവും യുപിയിലെ ജനത തള്ളിക്കളഞ്ഞതാണെന്നും അസഹിഷ്ണുതകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഗുജറാത്ത് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഭിപ്രായപ്പെട്ടു.