രാജ്യസഭ തെരഞ്ഞെടുപ്പ്;അഹമദ് പട്ടേലിന് വിജയം

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമദ് പട്ടേലിന് വിജയം. കൂറുമാറ്റവും വിമതരുടെ ഭീഷണിയും മറികടന്ന് 44 വോട്ട് നേടി അഹമദ് പട്ടേല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാം തവണയാണ് പട്ടേല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇത് സത്യത്തിന്റെ വിജയമാണെന്ന് പട്ടേല്‍ പ്രതികരിച്ചു.

ഏറെ നാടകീയത നിറഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍സിപി, ജെഡിയു,ജിപിപി എന്നീ പാര്‍ട്ടികളുടെ ഓരോ എംഎല്‍എമാരുടെ പിന്തുണ നേടിയാണ് ജയിക്കാന്‍ വേണ്ട 44 വോട്ടുകള്‍ പട്ടേല്‍ നേടിയത്. പട്ടേലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിന്‍ഹക്ക് 39 വോട്ട് ലഭിച്ചു. രണ്ട് വിമത എംഎല്‍എ മാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്.

പട്ടേലിന്റെ വിജയത്തില്‍ വലിയ ആഹ്ലാദ പ്രകടനമാണ് ഗുജറാത്തില്‍ അരങ്ങേറിയത്. മറ്റ് രണ്ട് രാജ്യസഭ സീറ്റുകളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ 46 വോട്ടും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി 45 വോട്ടും നേടി വിജയിച്ചു.