ജൈവകൃഷി പ്രോല്‍സാഹനത്തിനും കീടനാശിനികളുടെ ഉപയോഗ നിയന്ത്രണത്തിനും അടിയന്തിര നടപടി

സംസ്ഥാന വ്യാപകമായി ജൈവകൃഷി പ്രോല്‍സാഹനത്തിനും കൃഷിയിടങ്ങളില്‍ കീടനാശിനികളുടെ അനിയന്ത്രിതവും വിവേചന രഹിതവുമായ ഉപയോഗം തടയുന്നതിനും കൃഷിമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത്‌ ജൈവകൃഷി ഗണ്യമായി വര്‍ദ്ധിച്ചിട്ടും കീടനാശിനികളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിലെ ആശങ്ക യോഗത്തിലുണ്ടായി. നിലവിലെ പ്ലാന്റ്‌ ഹെല്‍ത്ത്‌ ആഗ്രോ ക്ലിനിക്കുകളും പെസ്റ്റ്‌ സര്‍വയിലന്‍സ്‌ സംവിധാനവും ശക്തിപ്പെടുത്തുന്നതാണ്‌. രാസവളങ്ങളുടെയും ജൈവ ജീവാണു വളങ്ങളുടെയും അനധികൃതവും ക്രമവിരുദ്ധവുമായ വിതരണവും വില്‍പ്പനയും തടയുന്നതിന്‌ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ 1985 പ്രകാരം ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ കൃഷി ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. കടുത്ത ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്ന അമിതമായ കീടനാശിനി കര്‍ഷകര്‍ വിവേചന പൂര്‍വമായേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ കൃഷി ഓഫീസര്‍മാര്‍ ഉറപ്പാക്കും. കീടനാശിനി നിര്‍മ്മാതാക്കളോ വിതരണക്കാരോ നേരിട്ട്‌ പാടശേഖര സമിതികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും കീടനാശിനികള്‍ വിതരണം ചെയ്യുന്നത്‌ നിരോധിക്കുകയും ഇത്‌ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതുമാണ്‌. കീടനാശിനി നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്നുള്ള വളപരീക്ഷണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളും. നിയന്ത്രിത കീടനാശിനികളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച്‌ നിലവിലുള്ള നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ കൃഷി ഓഫീസര്‍മാര്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളും. നിരോധിത കീടനാശിനികളുടെ വിതരണ വില്‍പ്പന തടയുവാന്‍ ജില്ലാതലത്തിലുള്ള വിജിലന്‍സ്‌ കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഇന്‍സെക്ടിസൈഡ്‌

ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടാഴ്‌ചയില്‍ ഒരിക്കല്‍ തങ്ങളുടെ പരിധിയിലുള്ള ഡിപ്പോകള്‍ പരിശോധിച്ച്‌ ക്രമ വിരുദ്ധമായതും നിരോധിച്ചിട്ടുള്ളമുമായ കീടനാശിനികളുടെ വില്‍പനയും ഉപയോഗവും നടക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്തി വരവും വില്‍പ്പനയും സംബന്ധിച്ച രജിസ്റ്ററുകള്‍ പരിശോധിച്ച്‌ ദൈ്വവാര റിപ്പോര്‍ട്ട്‌ കൃഷി ഓഫീസര്‍മാര്‍ക്ക്‌ ലഭ്യമാക്കും. രാസ കീടനാശിനി ഷോപ്പുകളില്‍ സ്റ്റോക്കുകള്‍, വിലസംബന്ധമായ വിവരങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്‌. ഫെര്‍ട്ടിലൈസര്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ 1985 ഇന്‍സെക്ടിസൈഡ്‌ ആക്ട്‌ 1968 എന്നീ ചട്ടങ്ങള്‍ പ്രകാരം രാസവളങ്ങളുടെയും കീടനാശിനികളുടെയും വിതരണ ഗുണനിലവാരം നിയന്ത്രണം ശക്തിപ്പെടുത്തുവാന്‍ ഫെര്‍ട്ടിലൈസര്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍സെക്ടിസൈഡ്‌ ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ കൃഷി ഓഫീസര്‍ അധികാരം പൂര്‍ണ്ണമായി വിനിയോഗിക്കേണ്ടതാണെന്നും ജില്ലയിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇത്‌ പ്രത്യേകം ശ്രദ്ധിക്കുന്നതുമാണ്‌.