കര്‍ഷകര്‍ക്ക് ദോഷകരമായ അന്താരാഷ്ട്ര വ്യാപാര കരാറുകള്‍ക്കെതിരെ  ഐക്യനിര ഉണ്ടാകണം : മന്ത്രി അഡ്വ.വി.എസ്.സുനില്‍ കുമാര്‍

തിരുവനന്തപുരം:  അന്താരാഷ്ട്ര വ്യാപാര കരാറുകളുടെ ഭാഗമായി കേരളത്തിലേതുള്‍പ്പെടെ കര്‍ഷര്‍ക്കുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ഐക്യനിര കെട്ടിപ്പടുക്കണമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അന്തര്‍ദേശീയ കാര്‍ഷിക വ്യാപാരവും സ്വതന്ത്ര വ്യാപാര കരാറും എന്ന വിഷയത്തില്‍ സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷിവകുപ്പും സംയുക്തമായി നടത്തിയ ദേശീയ ശില്‍പശാലയുടെ സമാപന യോത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കരാറുകളുടെ ഭാഗമായി കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. ഇത്തരം കരാറുകള്‍ റദ്ദാക്കപ്പെടണമെങ്കില്‍ എല്ലാ വിഭാഗം കര്‍ഷകരും ഒരുമിച്ച് രംഗത്തു വരണമെന്നും മന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. കെ.രവികുമാര്‍, കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന അഗ്രികള്‍ച്ചര്‍ പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.പി.രാജശേഖരന്‍ സ്വാഗതവും സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡ്  സെക്രട്ടറി മല്ലിക വി നന്ദിയും പറഞ്ഞു.