Section

malabari-logo-mobile

497 ാം വകുപ്പ് റദ്ദാക്കി; വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല;സുപ്രീംകോടതി

HIGHLIGHTS : ന്യൂഡല്‍ഹി: സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്തല്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ് ഏകപക്ഷീയവും സ്ത്രീയുടെ അന്തസ്സ് ഹനിക്കുന്നതും ആയതുകൊണ്ട...

ന്യൂഡല്‍ഹി: സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്തല്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ് ഏകപക്ഷീയവും സ്ത്രീയുടെ അന്തസ്സ് ഹനിക്കുന്നതും ആയതുകൊണ്ട് റദ്ദാക്കുകയാണെന്നുമാണ് സുപ്രീംകോടതി വിധി. വിവാഹേതര ലൈംഗീകബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്ത്രീയെ അന്തസില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 ാം വകുപ്പെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷന്‍മാരെമാത്രം കുറ്റക്കാരാക്കുന്ന 497 ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് കൂടുതല്‍ ഉറപ്പു നല്‍കിയ വിധ ഉണ്ടായിരിക്കുന്നത്. വിവാഹേതര ബന്ധവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടിചട്ടം 198 ലെ ചില വ്യവസ്ഥകളും സുപ്രീം കോടതി റദ്ദാക്കി.

sameeksha-malabarinews

വിവാഹം കഴിക്കുന്നതോടെ പുരുഷനും സ്ത്രീക്കും ലൈംഗീകത സംബന്ധിച്ച് സ്വയം തീരുമാനം എടുക്കാനുള്ള അധികാരം സംബന്ധിച്ച കേസിലാണ് വിധി. 157 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ാം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് മലയാളിയായ ജോസഫ് ഷൈന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായിരിക്കുന്നത്. സ്ത്രീക്ക് തുല്യത ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 14 ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഇതെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധത്തിന് കാരണം സന്തോഷം ഇല്ലാത്ത ദാമ്പത്യം അല്ലെന്നും എന്നാല്‍ സന്തോഷം ഇല്ലാത്ത ദാമ്പത്യം കാരണവും വിവാഹേതര ബന്ധം ഉണ്ടാകാമെന്നും കോടതി പറഞ്ഞു.

ഒരു പുരുഷന്‍ വിവാഹിതയായ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ാം വകുപ്പ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനെതിരെ കേസെടുക്കാമെങ്കിലും സ്ത്രീക്കെതിരെ കേസെടുക്കാന്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ല്‍ വ്യവസ്ഥയില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പുരുഷന് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. വിവാഹേതരബന്ധം വിവാഹമോചന കേസ്സുകളില്‍ ഒരു സിവില്‍ തര്‍ക്കമായി ഉന്നയിക്കാം. എന്നാല്‍ ഇതൊരു ക്രിമിനല്‍ കുറ്റമല്ല. ചൈന, ജപ്പാന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ വിവാഹേതര ലൈംഗീക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്ത്രീകളുടെ സ്വയം നിര്‍ണ്ണയ അിധികാരവും അന്തസ്സായി ജീവിക്കാനുള്ള അവകാശവും ഹനിക്കുന്നത് ആണ് 497 ാം വകുപ്പെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. സ്ത്രീയെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്ത് ആയി മാറ്റുകയാണ് ഈ നിയമം. വിവാഹം എന്നത് ആരുടെയും സ്വയം നിര്‍ണ്ണയ അധികാരം കവര്‍ന്നെടുക്കരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധി ന്യായത്തില്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റീസ് എ എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!