ചലച്ചിത്ര താരം തൊടുപുഴ വാസന്തി അന്തരിച്ചു

തൊടുപുഴ: പ്രശസ്ത നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി(65) അന്തരിച്ചു. ദീര്‍ഘനാളായി അവര്‍ അസുഖ ബാധിതയായിരുന്നു. പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വൈകുന്നേരം നാലുമണിക്ക് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടില്‍ നടക്കും.

തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് തൊടുപുഴ വാസന്തി ജനിച്ചത്.

35 ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ 16 ഓളം ടെലിവിഷന്‍ പരമ്പരകളിലും 100 ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

പിതാവ് രാമകൃണ്ന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ച് കാലം ഇവര്‍ സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗം ബാധിച്ചു. 2010 ഓഗസ്റ്റില്‍ അദേഹവും അമ്മയും മരിച്ചതോടെ വാസന്തി ജീവിതത്തില്‍ തനിച്ചായി. സിമിയില്‍ അവസരം കുറഞ്ഞപ്പോള്‍ അവര്‍ വരമണി നാട്യാലയം എന്ന നൃത്തവിദ്യാലയം തുടങ്ങി. രണ്ട് വര്‍ഷം മുന്‍പ് അതും പൂട്ടി. ചോര്‍ന്നൊലിക്കുന്ന വീടും തീരാനോവുമായി അവസാന കാലം അവര്‍ കഴിച്ചു കൂട്ടിയത്. അവരുടെ അവസ്ഥയറിഞ്ഞതിനെ തുടര്‍ന്ന് ഡബ്യൂസിസി അവര്‍ക്ക് സഹായവുമായി രംഗത്ത് വന്നത്.