ശ്രീദേവിയെ അവസാനമായി കാണാന്‍ ആരാധക പ്രവാഹം; സംസ്‌ക്കാരം വൈകീട്ട്

മുംബൈ: തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാനായി ആരാധക പ്രവാഹം. അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം ദുബൈയില്‍ നിന്നും മുംബൈയിലെത്തിച്ചത്. മുംബൈയില്‍ എത്തിച്ച മൃതദേഹം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും സഹോദരന്‍ അനില്‍ കപൂറും മക്കളും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.

സിനമാ താരങ്ങളും സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ നിരവധി പേരും രാത്രി ഏറെ വൈകുംവരെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ അന്ധേരിയിലെ വസതിയില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തില്‍ വൈകീട്ടോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

ശനിയാഴ്ച രാത്രിയാണ് ദുബൈയിലെ ഹോട്ടലില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊതുദര്‍ശന വേദികളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്ത് ദൃശ്യങ്ങള്‍ പകര്‍ത്താനും മാധ്യമങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടില്ല.