സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍;പാര്‍വ്വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടി പാര്‍വ്വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറ്‌സ്റ്റിലായത്. എറണാകുളം സൗത്ത് പോലീസ് അറസ്റ്റ്‌ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മമ്മൂട്ടി ചിത്രമായ ‘കസബ’യെ തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടി പാര്‍വ്വതിക്കെതിരെ സമൂഹ മാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങിയത്. വളരെ മോശമായ രീതിയിലാണ് നടിക്കെതിരെ അസഭ്യവര്‍ഷവും ഭീഷണിപ്പെടുത്തലുമുണ്ടായത്.

പിടിയിലായ പ്രിന്റോ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐടി ആക്ട്പ്രകാരം സ്ത്രീകളെ അപമാനിക്കുന്നതുള്‍പ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.