മഞ്‌ജു വാര്യര്‍ അവതരിപ്പിക്കുന്ന അഭിജ്ഞാന ശാകുന്തളം 18 ന്‌ അരങ്ങിലെത്തും

Story dated:Tuesday July 12th, 2016,10 53:am

Manju-Warrierതിരുവനന്തപുരം: മലയാളികളുടെ പ്രിയതാരം മഞ്‌ജു വാര്യര്‍ ശകുന്തളയായി വേഷമിടുന്ന അഭിഞ്‌ജാന ശാകുന്തളം സംസ്‌കൃത നാടകം അരങ്ങിലെത്തുന്നു. നാടകം ചിട്ടപ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിക്കുന്നത്. 18ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകാവതരണം ഉദ്ഘാടനംചെയ്യും. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ചാണ് അരങ്ങിലെത്തിക്കുന്നത്. സ്വരലയയാണ് നാടകത്തിന്റെ ആതിഥേയര്‍.

കാവാലത്തിന്റെ ഐതിഹാസിക ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന് മഞ്ജുവാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാവാലമാണ് നാടകത്തില്‍ പരിശീലനം നല്‍കിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതുകൊണ്ടാണ് സംസ്കൃതത്തിലുള്ള അഭിജ്ഞാന ശാകുന്തളം നാടകം അവതരിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാനായതെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കാവാലത്തിന്റെ മകനും ഗായകനുമായ കാവാലം ശ്രീകുമാര്‍, കൊച്ചുമകളും സോപാനത്തിന്റെ സെക്രട്ടറിയുമായ കല്യാണി, സോപാനം ചെയര്‍മാന്‍ നാരായണക്കുറുപ്പ്, കവി പ്രഭാവര്‍മ്മ, ജി രാജ് മോഹന്‍, ആര്‍ എസ് ബാബു എന്നിവരും  പങ്കെടുത്തു.