ദിലീപിനെ ജയിലിലടച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഇന്നുരാവിലെ ഹാജരാക്കിയ ശേഷമാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇതെതുടര്‍ന്ന് രാവിലെ ഏഴരയോടെ ദിലീപിനെ ആലുവ സബ്ജയിലില്‍ അടയ്ക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് ദിലീപിനെ അറസ്റ്റ്‌ചെയ്തത്. കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. ജാമ്യമില്ലാ വകുപ്പുകളാണ് ദിലീപിനുമേല്‍ ചുമത്തിയിരിക്കുന്നത്. 19 തെളിവുകള്‍ അടക്കം ദിലീപിനെ പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് പോലീസ് ഇന്ന് ഹാജരാക്കിയത്.

ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കില്ലെന്നും സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമായിരിക്കും നല്‍കുകയെന്നും ജയില്‍ അതോറിറ്റിയാണ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക എന്നും പോലീസ് വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്നും പുറത്തേക്ക് ദിലീപിനെ കൊണ്ടുവന്നപ്പോള്‍ ജനങ്ങള്‍ കൂവിവിളിച്ചു.

ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ഹാജരായി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.