പള്‍സര്‍ സുനിയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്; അപ്പുണ്ണി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയാമെന്ന് ദിലീപിന്റെ മാനേജര്‍ എ എസ് സുനില്‍കുമാര്‍ എന്ന അപ്പുണ്ണി മൊഴിനല്‍കി.

പള്‍സര്‍ സുനിയെ നടനും എംഎല്‍എയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതലെ തനിക്ക് പരിചയമുണ്ടായിരുന്നെന്ന് അപ്പുണ്ണി നല്‍കിയ മൊഴിയില്‍ പറയുന്നു.

ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്.