നടിയെ ആക്രമിച്ച കേസ്: നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ 18 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപ് ഇന്നലെയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ദിലീപിനുവേണ്ടി അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ഹാജരായത്.

രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തുടരന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍പ് ജാമ്യാപേക്ഷ തള്ളിയിരുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു വിഭാഗം സിനിമാക്കാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി താന്‍ സഹകരിച്ചുവെന്നും ദിലീപ് അറിയിച്ചു. ചിത്രങ്ങള്‍ പലതും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ചിലത് വരാനിരിക്കുന്നുമുണ്ട്. ഇതെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.