നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ഹാജരാകില്ല

കൊച്ചി: നടിയെ ആക്രമച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അപ്പുണ്ണി ഹാജരാകില്ലെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. അതെസമയം അപ്പുണ്ണി ഒളിവിലായതുകൊണ്ട് നോട്ടീസ് നല്‍കാന്‍ കഴിയാത്തതെന്ന് അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞദിവസം അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ തനിക്ക് ബന്ധമില്ലെന്ന് അപ്പുണ്ണി വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നതിന് പോലീസിന് തെളിവു ലഭിച്ചിരുന്നു. പള്‍സര്‍ സുനി വിളിച്ചതിനു പുറമെ ഇതിലെ പല നമ്പറുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പറുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നും വ്യക്തമായി. ഈ സാഹചര്യത്തില്‍ പ്രതിയായ ദിലീപിനൊപ്പം ഇരുത്തി അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. കേസില്‍ ദിലീപിന്റെ മൊഴികളിലെ വൈരുദ്ധ്യം തുറന്നുകാട്ടുന്നതിന് അപ്പുണ്ണിയെ ചോദ്യം ചെയ്യണമെന്നായിരുന്നു പോലീസ് നിലപാട്. ഇതനുസരിച്ച് അപ്പുണ്ണിയെ തേടി പോലീസ് ഏലൂരിലെ വീട്ടിലെത്തിയെങ്കിലും അപ്പുണ്ണി ഒളിവില്‍ പോകുകയായിരുന്നു.