അമല വീണ്ടും മലയാളത്തിലേക്ക്

amala-akkineniഎന്റെ സൂര്യ പുത്രിയ്ക്ക്, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി അമല വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലെത്തുന്നത്. ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍ ആണെങ്കിലും നായികാ പ്രാധാന്യമുള്ള റോളിലാണ് അമലയും അഭിനയിക്കുന്നത്.

നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്റെതാണ് തിരക്കഥ. നേരത്തെ നത്തോലി ചെറിയ മീനല്ല, എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്നീ സിനിമകള്‍ക്ക് ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയിരുന്നെങ്കിലും സിനിമകള്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു. അരുണ്‍ അരവിന്ദിനുവേണ്ടി സ്ത്രീ പ്രാധാന്യമുള്ള തിരക്കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്നത്.

രേവതി, ഉര്‍വശി, അരവിന്ദ് സ്വാമി എന്നിവര്‍ സിനിമയിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രേവതിയും റഹ്മാനുമാണ് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. വി എ ശ്രീകുമാര്‍ മേനോനാണ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷഹനാദ് ജലാലാണ് ഛായാഗ്രഹണം.