പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു

മുംബൈ: പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഹരിയാനയിലെ അംബാലയിലാണ് ഓംപുരി ജനിച്ചത്. ഫിലിം ഇന്‍റ്റിറ്റ്യുട്ടില്‍നിന്നും നാഷ്‌ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷമാണ് അഭിനയരംഗത്തെത്തുന്നത്.

മലയാളത്തിലടക്കം ഇന്ത്യയിലെ മിക്ക ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള ഓംപുരി ഹോളിവുഡിലും ബ്രിട്ടീഷ്, പാക്കിസ്ഥാനി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.രണ്ട് തവണ ദേശീയ പുരസ്ക്കാരവും നേടിയിട്ടുണ്ട്. 1990ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു .ഗോവിന്ദ് നിഹ്‌‌ലാനിയുടെ “തമസ്’ അടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത പുരാവൃത്തം , കെ സി സത്യന്‍റെ സംവത്സരങ്ങള്‍ , കണ്ണന്‍ താമരക്കുളത്തിന്റെ ആടുപുലിയാട്ടം എന്നിവയാണ് ഓംപുരിയുടെ മലയാള സിനിമകള്‍ , അര്‍ദ്ധസത്യ,ആക്രോശ് , മിര്‍ച്ച് മസാല, സദ്‌ഗതി, ധാരാവി, ഡിസ്‌കോ ഡാന്‍സര്‍, ആറ്റന്‍ബറോ സംവിധാനം ചെയ്ത പ്രശസ്ത ചിത്രം ഗാന്ധി, മൈ സണ്‍ ദി ഫന്‍റ്റാസ്റ്റിക്, ഖായല്‍, മിസ്റ്റര്‍. യോഗി,സിന്ദഗി സിന്ദബാദ് , ഈസ്റ്റ് ഈസ്‌ ഈസ്റ്റ് ,രംഗ് ദേ ബസന്ദി,ചാര്‍ളി വില്‍സന്‍സ് വാര്‍, പുകാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ചില മികച്ച സിനിമകളാണ്. അമരീഷ് പുരി, നസറുദ്ദീന്‍ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീല്‍ എന്നിവര്‍ക്കൊപ്പം മികച്ച അഭിനയമാണ് കാഴ്ചവെച്ചിരുന്നത്. നാടക രംഗത്തുനിന്നാണ് ഓം പുരിയും സിനിമയിലെത്തുന്നത് . മറാത്തി സിനിമയിലാണ് ആദ്യമെത്തുന്നത് . നന്ദിതാപുരിയാണ് ഭാര്യ. മകന്‍ ഇഷാന്‍ പുരി.