ജിഷ്‌ണു രാഘവന്‍ അന്തരിച്ചു

Actor-Jishnu-Raghavanകൊച്ചി: പ്രമുഖ ചലച്ചിത്രതാരം ജിഷ്‌ണു രാഘവന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന്‌ ഏറെനാളായി ജിഷ്‌ണു ചികിത്സയിലായിരുന്നു. കൊച്ചി അമൃതാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്‌ രാവിലെ 8.10 ഓടെയാണ്‌ അദേഹത്തിന്റെ അന്ത്യം സംഭവിച്ചത്‌. 32 വയസ്സായിരുന്നു. 2014 മുതല്‍ നാവിന്‌ അര്‍ബുദബാധയെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുന്‍പ്‌ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ ജിഷ്‌ണു കിളിപ്പാട്ട്‌ എന്ന ചിത്രത്തിലൂടെയാണ്‌ ബാലതാരമായി സിനിമാലോകത്തെത്തുന്നത്‌. പിന്നീട്‌ 2002 ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ്‌ നായകനായി രണ്ടാം വരവ്‌. ചൂണ്ട, ഫ്രീഡം, പറയാം, നേരറിയാന്‍ സിബിഐ, പൗരന്‍, ചക്കരമുത്ത്‌, വടക്കോട്ട്‌ തിരിഞ്ഞാല്‍ നാലമത്തെ വീട്‌, ഓര്‍ഡിനറി, നിദ്ര, ഉസ്‌താദ്‌ ഹോട്ടല്‍, ബാങ്കിംഗ്‌ അവേഴ്‌സ്‌ 10 ടു 4 തുടങ്ങിയ ചിത്രങ്ങളില്‍ അഭിനിയിച്ചു. 2014 ല്‍ പുറത്തിറങ്ങിയ ട്രാഫിക്കാണ്‌ ജിഷ്‌ണുവിന്റെ അവസാന ചിത്രം.

കോഴിക്കോട്‌ എന്‍ഐടിയില്‍ നിന്ന്‌ മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കിയ ജിഷ്‌ണു തന്റെ നിലപാടുകള്‍ എന്നും നവമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

പ്രമുഖ നടന്‍ രാഘവന്റെയും ശോഭയുടെയും മകനാണ്‌ വിഷ്‌ണു. ആര്‍ക്കിടെക്ടായ ധന്യയാണ്‌ ജിഷ്‌ണുവിന്റെ ഭാര്യ.