ഇരയോടെുപ്പം തന്നെയാണ് അമ്മ;ഇന്നസെന്റ്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ താരങ്ങളുടെ സംഘടനായ അമ്മ ഇരയോടൊപ്പം തന്നെയാണെന്ന് ഇന്നസെന്റ്. തൃശൂരിലെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമ്മ പ്രസിഡന്റും എം പിയുമായ ഇന്നസന്റിന്റെ ഈ പ്രതികരണം. അമ്മയുടെ ജനറല്‍ ബോഡിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ രണ്ടുപേര്‍ എഴുന്നേറ്റു മോശമായി രീതിയില്‍ പെരുമാറിയത് ആവേശം മൂലമായിരുന്നെന്നും അമ്മയുടെ മറ്റ് അംഗങ്ങള്‍ ചുറ്റുമിരുന്ന് കൂവിയതു തെറ്റായിരുന്നു. അതില്‍ താന്‍ മാപ്പു ചോദിക്കുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.

നടിക്കെതിരായ സംഭവം നടന്ന ഉടന്‍ തന്നെ മുഖ്യമന്ത്രിയെ താന്‍ വിളിച്ച് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. അന്നത്തെ ഡിജിപി ലോക് നാഥ് ബെഹ്‌റയെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ആവശ്യമില്ലാത്ത പരാമര്‍ശങ്ങള്‍ കേസിനെ വഴിതിരിച്ചു വിടാനെ സഹായിക്കൂവെന്ന് പോലീസ് പറഞ്ഞതുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും അദേഹം പറഞ്ഞു.

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. താന്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്നത് കള്ളവാര്‍ത്തയാണെന്നും ഇന്നസെന്റ് പറഞ്ഞു.