ദിലീപിന്റെ ജാമ്യപേക്ഷ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യപേക്ഷ ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് കോടതി വീണ്ടും മാറ്റിവെച്ചത്.

ആദ്യ ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും കൂടുതല്‍ തടവ് ആവശ്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ദിലീപ് രണ്ടാം ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും സിനിമാ വ്യവസായത്തിലെ ചിലര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപ് ജാമ്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. അതേസമയം ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പൊലീസിന്റെ വാദം.

പള്‍സര്‍ സുനി തന്നെ ജയിലില്‍ നിന്ന് വിളിച്ച ദിവസം തന്നെ അക്കാര്യം ഡിജിപിയെ അറിയിച്ചിരുന്നു എന്ന ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിന് പ്രോസിക്യൂഷന്‍  മറുപടി നല്‍കും. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ ഉണ്ട്.

സിനിമാ വ്യവസായത്തിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെത്തുടര്‍ന്ന് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു.