മക്കരപറമ്പില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം : കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മക്കരപറമ്പ് കടുങ്ങൂത്ത് വളവില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി എംപി അനില്‍ , മണ്ണാര്‍ക്കാട് സ്വദേശി പ്രജിത്ത് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഹര്‍ഷപ്രസാദ് അച്യുതനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. അനിലും, പ്രജിത്തും സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.

ഫെഡറല്‍ ബാങ്ക് ജീവനക്കാരായ ഇരുവരും ജോലിയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍ പെട്ടത്.