തനിക്ക് പറയാനുള്ളത് മുഴുവന്‍ ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ല; സരിത എസ് നായര്‍

Saritha-S.-Nair-News-Kerala

തിരു: തനിക്ക് പറയാനുള്ളത് മുഴുവന്‍ ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ലെന്ന് സരിത എസ് നായര്‍. താന്‍ ആരെയും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇനി അഥവാ ചെയ്യാനുണ്ടെങ്കില്‍ തന്നെ മാധ്യമങ്ങള്‍ക്ക് എന്താണെന്നും സരിത ചോദിച്ചു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും ജീവിക്കാന്‍ തന്നെ ഭയമാണെന്നും സരിത പറഞ്ഞു. അതേ സമയം താന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ പലരുടെയും കുടുംബം തകരുമെന്നും ക്ലിഫ് ഹൗസ് ജോലി ചെയ്തിരുന്നവരില്‍ പലരും സുഹൃത്തുക്കളാണെങ്കിലും താന്‍ ഒരിക്കലും പാസ് ഇല്ലാതെ ക്ലിഫ് ഹൗസില്‍ പ്രവേശിച്ചിട്ടില്ലെന്നും സരിത പറഞ്ഞു.

ശ്രീധരന്‍നായരെ സെക്രട്ടറിയേറ്റിലേക്ക് കൊണ്ടു പോയിട്ടില്ലെന്നും മന്ത്രി കെസി വേണുഗോപാല്‍ മോശമായി പെരുമാറിയിട്ടില്ലെന്നും, ഗണേഷ്‌കുമാര്‍ എംഎല്‍എ നല്ല സുഹൃത്താണെന്നും സരിത പറഞ്ഞു. കൂടാതെ 24 പേജുള്ള പരാതി എന്നത് കളവാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.

എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സരിത ഇക്കാര്യങ്ങള്‍ പറഞ്ഞത്.