ആരുഷി തല്‍വാര്‍ കൊലക്കേസ്; മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി : ആരുഷി കൊലപാതകക്കേസില്‍ പ്രതികളായ രാജേഷ് തല്‍വാറിനേയും നുപുര്‍ തല്‍വാറിനേയും അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെവിട്ടത്. തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി തല്‍വാര്‍ ദമ്പദികളുടെ ജീവപര്യന്തം അലഹബാദ് ഹൈക്കോടതി  റദ്ദാക്കുകയായിരുന്നു. സിബിഐ പ്രത്യേക കോടതി വിധിക്കെതിരേ ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതി വിധി പറയുകയായിരുന്നു.

2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറിനെയും നുപുര്‍ തല്‍വാറിനെയും കുറ്റക്കാരക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. നോയിഡയില്‍ 2008 മെയ്യിലാണ് പതിനാലു വയസ്സുകാരി ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതവും കഴുത്ത് ഞെരിച്ച പാടുകളും മൃതദേഹത്തില്‍ കാണപ്പെട്ടു.