പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ദേശീയ എക്‌സിക്യുട്ടീവിന് പുറത്ത്

yogendra-yadav-prashant-bhushan_240x180_41427529285ന്യൂഡല്‍ഹി: സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്താക്കി. ശനിയാഴ്ച ചേര്‍ന്ന ദേശീയ കൗണ്‍സിലാണ് ഈ തീരുമാനം എടുത്തത്. പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പിന്തുണക്കുന്ന ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവരെയും ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്താക്കി.

അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വിവാദ ഓഡിയോ യോഗത്തില്‍ കേള്‍പ്പിച്ചിരുന്നു. ഗുണ്ടകളും ദേശീയ കൗണ്‍സിലിന് വന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. തങ്ങളെ പിന്തുണച്ചവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ജനാധിപത്യം ക്രൂരമായി കൊല്ലപ്പെട്ടു എന്ന് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്നും പുറത്ത് വന്നശേഷം യോഗേന്ദ്ര യാദവ് പറഞ്ഞു.

കെജ്രിവാളിനെ എതിര്‍ക്കുന്നവരെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് 20 മിനുട്ട് നേരം യോഗേന്ദ്ര യാദവ് ധര്‍ണ നടത്തിയിരുന്നു. കെജ്‌രിവാള്‍ അനാവശ്യ വിവാദങ്ങളിലേക്ക് യാദവിനെയും പ്രശാന്ത് ഭൂഷണെയും വലിച്ചിഴക്കുകയാണ് എന്നാണ് മറുപക്ഷക്കാര്‍ ആരോപിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെയാണ് സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്താക്കേണ്ടി വന്നത്.